കരയുദ്ധം ആരംഭിക്കും ; ആയിരക്കണക്കിന് ഇസ്രയേല്‍ സൈനികര്‍ ഗാസ അതിര്‍ത്തിയില്‍

single-img
11 October 2023

പലസ്തീനെതിരെ ഇസ്രയേലിന്റെ കരയുദ്ധം ഉടനെന്ന് സൂചന. ഇതിനോടകം ആയിരക്കരണക്കിന് ഇസ്രയേല്‍ സൈനികര്‍ ഗാസ അതിര്‍ത്തിയില്‍ തമ്പടിച്ചെന്നാണ് റിപ്പോര്‍ട്ട്. ദൗത്യം ഏത് നിമിഷവും തുടങ്ങുമെന്നാണ് ഇസ്രയേല്‍ അറിയിച്ചിരിക്കുന്നത്. അതേസമയം ഗാസയില്‍ 12 ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവും മാത്രമേയുള്ളൂ എന്നാണ് യു എന്‍ അറിയിച്ചിരിക്കുന്നത്. വൈദ്യുതിയും ഗാസയില്‍ തീര്‍ന്നുകൊണ്ടിരിക്കുകയാണ്.

അമേരിക്കയുടെ ആദ്യ സൈനീക കപ്പല്‍ ഇസ്രയേല്‍ തീരത്തണഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്. കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലാണ് ആണവശേഷിയുള്ള വിമാനവാഹിനി കപ്പല്‍ ജെറാള്‍ഡ് ഫോഡുള്ളത്. ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്രായേലിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. വലിയ സൈനിക സംവിധാനം കപ്പലില്‍ ഉണ്ടാകും.

നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ന് ഇസ്രയേലിലേക്ക് തിരിക്കും. വരും ദിവസങ്ങളില്‍ ഇസ്രായേലിന് കൂടുതല്‍ സഹായം എത്തിക്കുമെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്.