2017 ന് മുമ്ബ് സംസ്ഥാനം ഭരിച്ചവര്‍ അടിമുടി അഴിമതിക്കാർ;അഴിമതിക്കാരുടെ സ്വത്തും സമ്ബാദ്യവും പൊതുജനങ്ങള്‍ക്കായി വിതരണം ചെയ്യും; യോഗി ആദിത്യനാഥ്

single-img
10 September 2022

ലഖ്‌നൗ: അഴിമതിക്കാരുടെ സ്വത്തും സമ്ബാദ്യവും പൊതുജനങ്ങള്‍ക്കായി വിതരണം ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

2017 ന് മുമ്ബ് സംസ്ഥാനം ഭരിച്ചവര്‍ അടിമുടി അഴിമതിക്കാരായിരുന്നു. അഴിമതിക്കാര്‍ക്ക് കലാപകാരികളുടെ വിധി തന്നെ അഭിമുഖീകരിക്കേണ്ടി വരുമെന്നും യോഗി മുന്നറിയിപ്പ് നല്‍കി.

‘എല്ലാ പ്രവൃത്തികള്‍ക്കുമുള്ള പ്രതിഫലം നേരത്തെ തന്നെ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. മുന്‍സര്‍ക്കാരുകളുടെ കാലത്ത് പ്രവര്‍ത്തിച്ചിരുന്ന റാക്കറ്റ് മൊത്തം വ്യവസ്ഥിതിയേയും കീടങ്ങളെ പോലെ നശിപ്പിച്ചു. അതിന് സംസ്ഥാനം നല്‍കേണ്ടിവന്ന വിലയേക്കുറിച്ച്‌ എല്ലാ ജനങ്ങള്‍ക്കും അറിയാം. മുന്‍ സര്‍ക്കാരുകളുടെ ജീനുകളില്‍ അഴിമതിയുണ്ടായിരുന്നു. സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കള്‍ അണത്തിലുള്ളവരുടെ ഉറ്റവരും ഉടയവരും മാത്രമായിരുന്നു. യോഗി കുറ്റപ്പെടുത്തി.

അഞ്ച് കൊല്ലം മുമ്ബ് ഉത്തര്‍പ്രദേശില്‍ നിന്ന് ഒരാള്‍ മറ്റെവിടെയെങ്കിലും പോയാല്‍ അവരുടെ വ്യക്തിവിവരങ്ങള്‍ മറച്ചുവെക്കേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതി അങ്ങനെയല്ലെന്നും ഏറെ ബഹുമാനത്തോടെയാണ് സ്വീകരിക്കപ്പെടുന്നതെന്നും യോഗി പറഞ്ഞു. യുപി മോഡല്‍ എല്ലാവരും അംഗീകരിക്കുന്നു. കുറ്റകൃത്യങ്ങള്‍ക്കും കുറ്റവാളികള്‍ക്കും സംസ്ഥാനത്ത് സ്ഥാനമില്ലാതായെന്നും കലാപരഹിത സംസ്ഥാനമായി യുപി മാറിയെന്നും യോഗി അവകാശപ്പെട്ടു.