പാലക്കാട് മണ്ഡലത്തിൽ ഒരു മാങ്കൂട്ടത്തിലല്ല പല മാങ്കൂട്ടങ്ങൾ ഉണ്ടെന്നതിൻ്റെ തെളിവാണിത്; പ്രശോഭ് സി വത്സനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ

പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി വത്സനെതിരായ ലൈംഗിക പീഡന പരാതിയില്‍ പ്രതികരിച്ച് ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍. പ്രശോഭിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ശോഭ ആവശ്യപ്പെട്ടു. നടപടി ഉണ്ടായില്ലെങ്കിൽ കുറ്റക്കാരൻ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങില്ലെന്നും പാലക്കാട് എസ്പിയെ നേരിട്ട് കാണുമെന്നും അറസ്റ്റ് വൈകിയാൽ പൊലീസിനെതിരെ സമരം ചെയ്യുമെന്നും ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചു.
പാലക്കാട് മണ്ഡലത്തിൽ ഒരു മാങ്കൂട്ടത്തിലല്ല പല മാങ്കൂട്ടങ്ങൾ ഉണ്ടെന്നതിൻ്റെ തെളിവാണിതെന്ന് ശോഭ സുരേന്ദ്രന്‍ വിമര്‍ശിച്ചു. കുറ്റക്കാർക്കെതിരെ ഏതറ്റം വരെയും പോകുമെന്നും ശോഭ പറഞ്ഞു. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം പീഡിപ്പിച്ചെന്നാണ് പ്രശോഭ് സി വത്സനെതിരായ യുവതിയുടെ ആരോപണം.ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം താമസസ്ഥലത്തെത്തി പ്രശോഭ് ബലമായി പീഡിപ്പിച്ചെന്നാണ് യുവതി പറയുന്നത്. പാലക്കാട് സ്വദേശിയായ ദളിത് യുവതിയാണ് നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പാലക്കാട് ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയത്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് പ്രശോഭ്. രാഹുലിനെതിരെ ലൈംഗിക പീഡന പരാതി ഉയരുകയും പിന്നീട് കേസായി ഒളിവിൽ പോകുകയും ചെയ്തതിന് ശേഷം രാഹുൽ പാലക്കാട് എത്തിയത് പ്രശോഭിന് വോട്ട് ചെയ്യാനായിരുന്നു. പ്രശോഭ് ജയിച്ചതിന് ശേഷം ആദ്യം പോയതും രാഹുലിനെ കാണാൻ വേണ്ടിയാണെന്നാണ് പുറത്തുവരുന്ന വിവരം.


