ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് അതിരൂക്ഷം

single-img
17 September 2022

തിരുവനന്തപുരം: ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് അതിരൂക്ഷം. മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് ഗവര്‍ണര്‍ ഇന്ന് കൊച്ചിയില്‍ പരസ്യ മറുപടി പറഞ്ഞേക്കും.

പ്രിയ വര്‍ഗീസിന്റ നിയമനത്തെ പിന്തുണച്ചതും ഗവര്‍ണര്‍ സ്ഥാനങ്ങള്‍ ആഗ്രഹിച്ചു എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങളില്‍ ഗവര്‍ണര്‍ക്ക് കടുത്ത അതൃപ്‌തിയുണ്ട്. വിവാദ ബില്ലുകളില്‍ ഒപ്പിടില്ലെന്ന് വീണ്ടും സൂചന നല്‍കുന്ന ഗവര്‍ണര്‍ കണ്ണൂര്‍ വിസിക്കെതിരായ നടപടി ഉടന്‍ കടുപ്പിക്കും. ഗവര്‍ണര്‍ക്ക് മറുപടി പറയണം എന്ന സിപിഎമ്മിന്റെ തീരുമാന പ്രകാരം ആയിരുന്നു മുഖ്യമന്ത്രിയുടെ ഇന്നലത്തെ വിമര്‍ശനം.

പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം താനറിഞ്ഞാണെന്ന ഗവര്‍ണറുടെ ആരോപണം അസംബന്ധമാണെന്നാണ് പിണറായി വിജയന്‍ ഇന്നലെ പറഞ്ഞത്. ഗവര്‍ണര്‍ പറഞ്ഞതില്‍പ്പരം അസംബന്ധം പറയാന്‍ ആര്‍ക്കും പറയാന്‍ കഴിയില്ലെന്നും ഇരിക്കുന്ന സ്ഥാനത്തിന്‍റെ മഹത്വം നോക്കാതെ എന്തും പറയാന്‍ ഗവര്‍ണര്‍ക്ക് എന്താണ് അധികാരമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ സ്റ്റാഫിന്‍റെ ബന്ധു അപേക്ഷ കൊടുക്കുക. പിശക് ഉണ്ടെങ്കില്‍ പരിശോധിച്ചോട്ടെ. പിശക് ചെയ്തവര്‍ അനുഭവിക്കുയും ചെയ്തോട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രവൈറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയാ വര്‍ഗീസിന്‍റെ കണ്ണൂര്‍ സര്‍വകലാശാല നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ നടത്തിയ പരാമര്‍ശമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.

കേന്ദ്രത്തില്‍ ഉയര്‍ന്ന പദവി പ്രതീക്ഷിച്ചായിരുന്നു സംസ്ഥാന സര്‍ക്കാറിനെതിരായ ഗവര്‍ണറുടെ വിമര്‍ശനങ്ങളെന്ന് വരെ ഉന്നയിച്ചാണ് ആരിഫ് മുഹമ്മദ് ഖാനെതിരായ വിമര്‍ശനം മുഖ്യമന്ത്രി കടുപ്പിച്ചത്. നിയമപരമായി പാസ്സാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍ക്ക് ഒപ്പിടാന്‍ തടസ്സം ഉണ്ടാകേണ്ട, അതില്‍ സര്‍ക്കാറിന് ആശങ്കയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഗവര്‍ണര്‍ക്ക് മറുപടി പറഞ്ഞ് പോകണമെന്ന സിപിഎമ്മിന്‍്റെ രാഷ്ട്രീയ തീരുമാനപ്രകാരം തന്നെയാണ് പിണറായിയുടെ വിമര്‍ശനം. ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം ഗവര്‍ണറുടെ മറുപടിയും രൂക്ഷമായിരിക്കുമെന്ന് ഉറപ്പാണ്. അതായത് സര്‍ക്കാര്‍-ഗവര്‍ണ്ണര്‍ പോര് കൈവിട്ട വിധത്തിലേക്കാണ് പോകുന്നത്.

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഗവര്‍ണര്‍ ഇന്നലെ കൊച്ചിയിലെത്തിയിരുന്നു. എറണാകുളം ഗസ്റ്റ് ഹൗസില്‍ തങ്ങുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാവിലെ എട്ട് മണിയോടെ കുഴിപ്പള്ളി ബീച്ചിലും പിന്നീട് ഭാസ്ക്കരീയത്തിലുമായി രണ്ട് പരിപാടികളില്‍ പങ്കെടുക്കും. അതിന് ശേഷം പത്ത് മണിയോടെ മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ മറുപടി പറയുമെന്നാണ് വിവരം. പത്തരയോടെ വിവിധ പരിപാടികളില്‍ പങ്കടെുക്കുന്നതിനായി ഗവര്‍ണര്‍ തൃശൂരിലേക്ക് പോകും. വൈകുന്നേരം തിരിച്ച്‌ ആലുവയിലെത്തും.