നടുറോഡില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്

single-img
13 November 2022

തിരുവനന്തപുരം: തിരുവനന്തപുരം നീറമണ്‍കരയില്‍ നടുറോഡില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്.

കൃഷി വകുപ്പിലെ ജീവനക്കാരനായ പ്രദീപിനെ മര്‍ദിച്ച സംഭവത്തിലാണ് പ്രതികളായ അഷ്കറിനും സഹോദരന്‍ അനീഷിനും എതിരെ കരമന പൊലീസ് വധശ്രമത്തിന് കേസെടുത്തത്. മര്‍ദ്ദനത്തിന് ഇരയായ കൃഷി വകുപ്പ് ഉദ്യോഗസ്ഥന്‍ പ്രദീപ് പ്രതികളെ തിരിച്ചറിഞ്ഞു. സംഭവത്തില്‍ വീഴ്ച വരുത്തിയ എസ്‌ഐയ്ക്കും എഎസ്‌ഐയ്ക്കുമെതിരെ ഇന്നലെ നടപടി എടുത്തിരുന്നു.

ഇന്നലെ രാത്രിയാണ് പ്രദീപിനെ മര്‍ദിച്ച അഷ്കറിനെയും സഹോദരന്‍ അനീഷിനെയും കരമന പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയും ചെയ്തു. വധശ്രമം അടക്കമുള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. പ്രതികളെ പിടികൂടിയതോടെ പൊലീസ് തെളിവെടുപ്പിന്‍റെ ഭാഗമായി പ്രദീപിനെ കരമന സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. തന്നെ മര്‍ദിച്ച രണ്ടുപേരെയും പ്രദീപ് തിരിച്ചറിഞ്ഞു.

സംഭവത്തില്‍ വീഴ്ച വരുത്തിയ കരമന എസ്‌ഐ സന്തുവിനെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പരാതി കിട്ടിയിട്ടും കേസ് എടുക്കാതിരുന്ന എഎസ്‌ഐ മനോജിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. നെയ്യാറ്റിന്‍കര സ്വദേശിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പ്രദീപിനെ ചൊവ്വാഴ്ചയാണ് നടുറോഡില്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ് നീരുവന്ന മുഖവുമായി കരമന സ്റ്റേഷനില്‍ എത്തിയപ്പോള്‍ ചികിത്സാ രേഖകളുമായി എത്തണമെന്ന് പറഞ്ഞ് പൊലീസുകാര്‍ മടക്കി അയക്കുകയായിരുന്നു. ചികിത്സാ രേഖകളും മര്‍ദ്ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും ഹാജരാക്കിയപ്പോള്‍ മൊഴി എടുക്കാതെ തിരിച്ചയക്കുകയും ചെയ്തു. പിന്നീട് മര്‍ദ്ദന ദൃശ്യങ്ങള്‍ സഹിതം വാര്‍ത്തയായതോടെയാണ് പൊലീസ് വിഷയത്തില്‍ ഇടപെട്ടത്..