ബോക്സോഫീസിൽ കുതിച്ച് ‘ദി പാരഡൈസ്’; ഒമ്പത് ദിവസം കൊണ്ട് 180 കോടി ക്ലബ്ബിൽ

തെലുങ്ക് സൂപ്പർ താരം നാനിയും സംവിധായകൻ ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിച്ച പാൻ ഇന്ത്യൻ ചിത്രം ‘ദി പാരഡൈസ്’ ബോക്സോഫീസിൽ മികച്ച പ്രകടനം തുടരുന്നു. റിലീസ് ചെയ്ത് ഒമ്പത് ദിവസം പിന്നിടുമ്പോൾ ചിത്രം ആഗോളതലത്തിൽ 180 കോടി രൂപ കളക്ഷൻ നേടിയെന്നാണ് അണിയറപ്രവർത്തകരുടെ കണക്ക്. സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും തിയേറ്ററുകളിൽ ചിത്രം മികച്ച മുന്നേറ്റം തുടരുകയാണ്.
‘ദസറ’യ്ക്ക് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും റിലീസിന് മുമ്പ് ‘ദി പാരഡൈസി’ന് വലിയ പ്രതീക്ഷകൾ സൃഷ്ടിച്ചിരുന്നു. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
വലിയ കാൻവാസിൽ ഒരുക്കിയ ആക്ഷൻ ചിത്രത്തിനൊപ്പം അമ്മയും മകനും തമ്മിലുള്ള ശക്തമായ വൈകാരിക ബന്ധവും കഥയുടെ പ്രധാന ഭാഗമാണ്. നാനി ‘ജദാൽ’ എന്ന മാസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ‘കിൽ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഘവ് ജുയൽ വില്ലൻ കഥാപാത്രമായ വിക്രം മാലിക്കായാണ് എത്തുന്നത്.
കായദു ലോഹർ, മോഹൻ ബാബു, സമ്പൂർണേഷ് ബാബു, സോണാലി കുൽക്കർണി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ ഇതിനകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
എട്ട് ഭാഷകളിലായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ‘ദി പാരഡൈസ്’ വരും ദിവസങ്ങളിലും കളക്ഷനിൽ മുന്നേറ്റം തുടരാനുള്ള പ്രതീക്ഷയിലാണ്. 180 കോടി രൂപ പിന്നിട്ട ചിത്രം ബോക്സോഫീസിൽ കൂടുതൽ നേട്ടങ്ങൾ ലക്ഷ്യമിട്ടാണ് മുന്നേറുന്നത്.


