സര്‍വ്വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം വെട്ടികുറക്കുന്ന ബില്‍ നാളെ നിയമ സഭ പാസ്സാക്കും

single-img
31 August 2022

തിരുവനന്തപുരം: സര്‍വ്വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം വെട്ടികുറക്കുന്ന ബില്‍ നാളെ നിയമ സഭ പാസ്സാക്കും. വി സി നിയമനത്തിനുള്ള സെര്‍ച് കമ്മിറ്റിയില്‍ രണ്ട് സര്‍ക്കാര്‍ പ്രതിനിധികളെ കൂടി ചേര്‍ത്തു ഗവര്‍ണറുടെ നിയമന അധികാരം ഇല്ലാതാക്കുക ആണ് ലക്ഷ്യം.സബ്ജക്‌ട് കമ്മിറ്റിയില്‍ വിയോജിച്ച പ്രതിപക്ഷം സഭയിലും എതിര്‍പ്പ് ആവര്‍ത്തിക്കും.ഇന്നലെ പാസ്സാക്കിയ ലോകയുക്ത ബില്ലിലും നാളെ പാസക്കുന്ന സര്‍വ്വകലാശാല നിയമ ഭേദഗതി ബില്ലിലും ഗവര്‍ണര്‍ ഒപ്പിടുമോ എന്നതാണ് ഇനിയുള്ള ആകാംക്ഷ

ഇതിനിടെ ഗവര്‍ണറെ അനുനയിപ്പിക്കാന്‍ സര്‍വകലാശാല നിയമ ഭേദഗതി ബില്ലില്‍ മാറ്റത്തിന് സര്‍ക്കാര്‍ തീരുമാനിച്ചു . വി സി നിയമനത്തിനു ഉള്ള സെര്‍ച് കമ്മിറ്റി കണ്‍വീനര്‍ ആയി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനെ നിയമിക്കാനുള്ള വ്യവസ്ഥ ഒഴിവാക്കി. പകരം ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പ്രതിനിധി മതി എന്നാണ് ധാരണ.

സര്‍വകലാശാലകളുമായി നേരിട്ട് ബന്ധം ഉള്ളവരെ കണ്‍വീനര്‍ ആക്കുന്നത് യു ജി സി മാര്‍ഗ നിര്‍ദേശത്തിന് വിരുദ്ധം ആകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലും ഇക്കാര്യം ചൂണ്ടിക്കട്ടിയിരുന്നു.അതെ സമയം പുതിയ ഭേദഗതി കൊണ്ട് ഗവര്‍ണറെ അനുനയിപ്പിക്കാന്‍ കഴിയുമോ എന്ന് സര്‍ക്കാരിന് ഉറപ്പില്ല