പ്രതിഷേധ മാർച്ചിൽ ബ്ലേഡ് ഉപയോഗിച്ച് ആക്രമണം നടത്തി പോലീസ്; അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്ഐ

single-img
25 June 2026

സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ ബ്ലേഡ് ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന ആരോപണത്തിൽ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്ഐ സംസ്ഥാന ഡിജിപിക്ക് പരാതി നൽകി. തങ്ങളുടെ പ്രവർത്തകർ ബ്ലേഡ് ഉൾപ്പെടെയുള്ള ആയുധങ്ങൾ കൈവശം വെച്ചെന്ന പൊലീസിന്റെ വാദം പൂർണ്ണമായും തെറ്റാണെന്ന് എസ്എഫ്ഐ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഈ ആരോപണം വസ്തുതാപരമാണോ എന്ന് കണ്ടെത്താൻ സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസിന്റെ ബോഡി ക്യാമറ ദൃശ്യങ്ങളും വിശദമായി പരിശോധിക്കണമെന്നും, വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.

സമരത്തിന് വന്ന എസ്എഫ്ഐക്കാരുടെ പക്കൽ ബ്ലേഡ് ഉണ്ടായിരുന്നുവെന്ന പൊലീസിന്റെ പ്രചാരണം മനഃപൂർവ്വം കെട്ടിച്ചമച്ചതാണെന്ന് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദൻ പ്രതികരിച്ചു. ജനാധിപത്യപരമായ സമരത്തെ തകർക്കാനാണ് കേരള പൊലീസ് ശ്രമിക്കുന്നതെന്നും, അങ്ങനെയെങ്കിൽ ആ ബ്ലേഡുകൾ അവിടെ എങ്ങനെ എത്തിയെന്ന് പൊലീസ് തന്നെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാർച്ചിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് നേരെ കടുത്ത പൊലീസ് അതിക്രമമാണ് ഉണ്ടായതെന്നും, ആദ്യഘട്ടത്തിൽ വനിതാ പൊലീസിന്റെ സാന്നിധ്യമില്ലാതെ പുരുഷ പൊലീസുകാർ വനിതാ പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചതായും എസ്എഫ്ഐ നേതാക്കൾ ആരോപിച്ചു.

ഐഎച്ച്ആർഡി ഫീസ് വർധനവിനെതിരെ എസ്എഫ്ഐ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് വൻ സംഘർഷത്തിലാണ് കലാശിച്ചത്. സമരക്കാർക്ക് നേരെ പൊലീസ് പലതവണ ജലപീരങ്കിയും ശക്തമായ ലാത്തിച്ചാർജ്ജും പ്രയോഗിച്ചതോടെയാണ് തിരുവനന്തപുരം നഗരം യുദ്ധക്കളമായി മാറിയത്. മാർച്ചിനിടെ എസ്എഫ്ഐക്കാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചതായി പൊലീസും, തങ്ങളെയാണ് പൊലീസ് ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ചതെന്ന് എസ്എഫ്ഐയും പരസ്പരം ആരോപിക്കുന്നുണ്ട്.

ഇതിന് തെളിവായി സംഭവസ്ഥലത്ത് നിന്ന് ലഭിച്ച ബ്ലേഡുകളുടെ ചിത്രങ്ങൾ ഇരുവിഭാഗവും പുറത്തുവിട്ടതോടെ വരുംദിവസങ്ങളിൽ ഈ ബ്ലേഡ് വിവാദം കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്.