കഴിഞ്ഞ തെരഞ്ഞെടുപ്പ് കോൺഗ്രസിന്റെ വർഗീയ കൂട്ടുകെട്ടിന്റെ ഉദാഹരണം: വിജയരാഘവൻ

കേരളത്തിൽ സംഘപരിവാറിന്റെ താത്പര്യം സംരക്ഷിക്കാൻ മുസ്ലീം ലീഗും തയ്യാറാകുന്നുവെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. കോഴിക്കോട് നടന്ന സി പി ഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് സമാപനം കുറിച്ചുള്ള ബഹുജന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂരിപക്ഷ വർഗീയതയ്‌ക്കൊപ്പം ന്യൂനപക്ഷ വർഗീയതയും കേരളത്തിൽ ശക്തി പ്രാപിക്കുകയാണെന്ന് വിജയരാഘവൻ പറഞ്ഞു. ആർ എസ് എസ് ആരോടും ഉത്തരവാദിത്തമില്ലാത്ത സംഘടനയാണെന്നും ന്യൂനപക്ഷങ്ങളെ അടിച്ചമർത്തിയാണ് അവർ ഭരണം മുന്നോട്ടുകൊണ്ടുപോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സി പി ഐ എം തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നതിലൂടെ സംഘപരിവാറിനെ ചെറുക്കാനുള്ള ഏറ്റവും വലിയ രാഷ്ട്രീയ ആയുധത്തിന് ക്ഷതമേൽക്കുകയാണ് ചെയ്യുന്നതെന്ന് വിജയരാഘവൻ പറഞ്ഞു. അത്തരമൊരു സാഹചര്യം അനുവദിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
പല തരത്തിലുള്ള വർഗീയതകളെ കൂട്ടിച്ചേർത്താണ് കോൺഗ്രസ് ഭരണം മുന്നോട്ടുകൊണ്ടുപോകുന്നതെന്നും അതിന്റെ ഉദാഹരണമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പെന്നും വിജയരാഘവൻ ആരോപിച്ചു.
കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ക്ഷതമേൽക്കാതെ അതിനെ താങ്ങിനിർത്താൻ തങ്ങളുണ്ടെന്ന സന്ദേശമാണ് കോഴിക്കോട് നടന്ന പരിപാടിയിലൂടെ പൊതുജനങ്ങളും പാർട്ടി പ്രവർത്തകരും നൽകിയതെന്ന് എ വിജയരാഘവൻ പറഞ്ഞു.
സി പി ഐ എമ്മിന്റെ ശക്തി നിലനിർത്തുകയും വർഗീയ ശക്തികൾക്കെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.


