മോദിയെ കാണാൻ പുടിൻ ഭാരത് മണ്ഡപത്തിൽ; ഇന്ത്യ–റഷ്യ ബന്ധത്തിൽ നിർണായക ചർച്ച

single-img
11 September 2026

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ച ആരംഭിച്ചു. ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയിലെത്തിയ പുടിൻ ഭാരത് മണ്ഡപത്തിൽ മോദിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ വ്യാപാരം, പ്രതിരോധം, നിക്ഷേപം, ഫാർമസ്യൂട്ടിക്കൽസ്, ഊർജ സഹകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. പുടിന് മോദി തിരുക്കുറളിന്റെ റഷ്യൻ പരിഭാഷ സമ്മാനിച്ചു.

2030ഓടെ ഉഭയകക്ഷി വ്യാപാരം 100 ബില്യൺ ഡോളറിലെത്തിക്കുന്നതും വ്യാവസായിക സഹകരണം ശക്തിപ്പെടുത്തുന്നതും റെയിൽ, തുരങ്കനിർമാണ മേഖലകളിലെ സഹകരണവും ചർച്ചയാകും. ബ്രഹ്മോസ് മിസൈലുകളുടെ നവീകരണം, ശേഷിക്കുന്ന എസ്-400 സംവിധാനങ്ങളുടെ വിതരണം, റഷ്യൻ എസ്‌യു-57 യുദ്ധവിമാനങ്ങൾ ഇന്ത്യയ്ക്ക് നൽകുന്നത് തുടങ്ങിയ പ്രതിരോധ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ഉയർന്നുവരുമെന്നാണ് സൂചന.

യുക്രെയ്ൻ യുദ്ധം ആരംഭിച്ചശേഷം റഷ്യയ്ക്ക് പുറത്തുനടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പുടിൻ നേരിട്ട് പങ്കെടുക്കുന്നത് ആദ്യമായാണ്.