മഴ വില്ലനായപ്പോൾ ഇന്ത്യ-പാക് മത്സരം ഉപേക്ഷിച്ചു

single-img
3 September 2023

ഏഷ്യാ കപ്പിൽ ഇന്നലെ നടന്ന ഇന്ത്യ-പാകിസ്താന്‍ മത്സരത്തില്‍ മഴ വില്ലനായി. പാകിസ്ഥാന്റെ രണ്ടാം ഇന്നിംഗ്‌സ് പൂര്‍ത്തിയാക്കാന്‍ കഴിയാതെ മഴ പെയ്തതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു . ശ്രീലങ്കയിലെ പല്ലെക്കെലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സിന് ഓള്‍ഔട്ടായിരുന്നു.

അതിനു ശേഷം മഴ ശക്തമായതോടെ മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന് അമ്പയര്‍മാര്‍ അറിയിച്ചു. മത്സരം ഉപേക്ഷിച്ചതോടെ രണ്ടുടീമുകളും ഓരോ പോയന്റ് വീതം പങ്കുവെച്ചു. ആദ്യ മത്സരത്തില്‍ നേപ്പാളിനെതിരെ നേടിയ വിജയത്തോടെ പാകിസ്താന്‍ സൂപ്പര്‍ ഫോറില്‍ കടന്നിരുന്നു.

തേസമയം, ഇന്ത്യ-പാകിസ്താന്‍ മത്സരത്തില്‍ മഴ ഭീഷണിയായേക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാലും നിശ്ചിത സമയത്തിന് തന്നെ ശ്രീലങ്കയിലെ പല്ലെക്കെലെ സ്റ്റേഡിയത്തില്‍ ടോസ് വീണു. ഇന്ത്യന്‍ ഇന്നിംഗ്‌സിനിടെയും രണ്ട് തവണ മഴ മത്സരം മുടക്കി. 4.2 ഓവര്‍ പിന്നിട്ടപ്പോഴാണ് ആദ്യം മഴ മത്സരം മുടക്കിയത്. പിന്നീട് 11.2 ഓവറിന് ശേഷവും മഴയെത്തി. എന്നാലും ആദ്യ ഇന്നിംഗ്‌സ് പൂര്‍ത്തിയാക്കുകയായിരുന്നു.

പാകിസ്താനെതിരെ 267 റണ്‍സ് വിജയലക്ഷ്യമായിരുന്നു ഇന്ത്യ ഉയര്‍ത്തിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സെടുക്കവേ ഓള്‍ഔട്ടായി. അര്‍ധസെഞ്ച്വറി നേടിയ ഇഷാന്‍ കിഷനും ഹര്‍ദിക് പാണ്ഡ്യയുമാണ് ഇന്ത്യയ്ക്ക് പൊരുതാനുള്ള ടോട്ടല്‍ സമ്മാനിച്ചത്. 81 പന്തില്‍ ഒമ്പത് ഫോറും രണ്ട് സിക്‌സുമടക്കം 82 റണ്‍സാണ് ഇഷാന്‍ കിഷന്‍ നേടിയത്. 90 പന്തില്‍ 87 റണ്‍സ് നേടിയ ഹര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. പാകിസ്താനായി സ്റ്റാര്‍ പേസ് ബൗളര്‍ ഷഹീന്‍ അഫ്രീദി നാലും ഹാരിസ് റൗഫും നസീം ഷായും മൂന്നും വിക്കറ്റ് സ്വന്തമാക്കി.