നിയമസഭയുടെ എട്ടാംസമ്മേളനത്തിന് ഇന്ന് തുടക്കം; ദുരിതാശ്വാസ നിധി തട്ടിപ്പും ലൈഫ് മിഷന്‍ കോഴയും ചര്‍ച്ചയാവും


പ്രതിപക്ഷ സമരം ശക്തമായിരിക്കെ നിയമസഭയുടെ എട്ടാംസമ്മേളനത്തിന് ഇന്ന് തുടക്കമാകും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പ്, ലൈഫ് മിഷന്‍ കോഴ അടക്കമുള്ള വിഷയങ്ങള്‍ സഭയില്‍ സജീവ ചര്‍ച്ചയാകും. ഇന്ധന സെസിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒന്പതിനാണ് സഭ താത്കാലികമായി പിരിഞ്ഞത്.
സെസ് പ്രശ്നവും സമരം ചെയ്തവര്‍ക്ക് എതിരായ പൊലീസ് നടപടിയും ഇന്നു തന്നെ സഭയില്‍ പ്രതിപക്ഷം ഉന്നയിക്കും. ദുരിതാശ്വാസനിധി വിവാദത്തില്‍ സഹായത്തിനായുള്ള വ്യാജ അപേക്ഷകളില്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ ഒപ്പിട്ടെന്ന ആരോപണമുയര്‍ത്തിയാവും ഭരണപക്ഷം നേരിടുക. ഇന്ന് രണ്ടുബില്ലുകള്‍ സഭ പരിഗണിക്കും. ബജറ്റ് പാസാക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച മുതല്‍ ധനാഭ്യര്‍ഥനകളുടെ ചര്‍ച്ച നടത്തും. പിന്നാലെ ധനബില്ലെത്തും.
ബജറ്റിലെ നികുതി പ്രഖ്യാപനങ്ങളെ സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ ധനബില്ലില്‍ ഉണ്ടാവും. ഇത് പാസാവുന്നതോടെ, ഏപ്രില്‍ ഒന്നുമുതല്‍ പുതിയ നികുതികള്‍ നിലവില്‍ വരും. നിലവിലെ കലണ്ടര്‍ പ്രകാരം മാര്‍ച്ച് 30 വരെ 23 ദിവസം സമ്മേളനം തുടരും.
ഇന്ധനസെസ് ഉള്‍പ്പെടെ ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ നികുതി നിര്‍ദേശങ്ങള്‍ക്കെതിരേ പ്രതിപക്ഷത്തെ നാല് എം.എല്‍.എ.മാര്‍ സഭാ കവാടത്തില്‍ സത്യാഗ്രഹം നടത്തുമ്ബോഴാണ് അന്ന് സഭ പിരിഞ്ഞത്. ഇതോടെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരേ കരിങ്കൊടി സമരം തെരുവിലേക്ക് നീങ്ങുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധമാണ് നടന്നത്.