സര്‍ക്കാര്‍ ഓഫീസുകളില്‍ അഴിമതി കാട്ടുന്നവരോട് ദയയില്ലെന്ന് മുഖ്യമന്ത്രി

single-img
30 April 2023

സര്‍ക്കാര്‍ ഓഫീസുകളില്‍ അഴിമതി കാട്ടുന്നവരോട് ദയയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട്ട് താലുക്ക് അദാലത്തുകളുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഓരോ ഫയലിലും ഓരോ ജീവിതം ഉണ്ടെന്ന ഓര്‍മപ്പെടുത്തല്‍ വലിയ മാറ്റം ഉണ്ടാക്കി. ഒന്നിലേറെ വകുപ്പുകളുമായി ബന്ധപ്പെട്ട ചില സങ്കീര്‍ണ പ്രശ്നങ്ങളാണ് ഇനി പരിഹരിക്കാനുള്ളത്. താലൂക്ക് തല അദാലത്തുകളില്‍ പ്രതീക്ഷിച്ചത്ര പരാതികള്‍ എത്തിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കും മുമ്ബ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പരിശീലനം അനിവാര്യമാണ്. എന്തെല്ലാം ചെയ്യണം, എന്തൊക്കെ ചെയ്യരുത്, സേവനങ്ങള്‍ എങ്ങനെ വേഗത്തില്‍ നല്‍കാം തുടങ്ങിയ കാര്യങ്ങളില്‍ പരിശീലനം നല്‍കും. സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്നവരോട് ഔദാര്യമോ കാരുണ്യമോ അല്ല കാട്ടേണ്ടത്. സേവനം ഓരോ പൗരന്റെയും അവകാശമാണ്. അഴിമതി തീരെ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറണം. കെഎഎസ് ഭരണ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. അഴിമതി കാട്ടുന്നവരോട് ഒരു ദയയും ഉണ്ടാകില്ല. 47000 ല്‍ പരം പരാതികളാണ് താലൂക്ക് തല അദാലത്തുകളിലേക്ക് കിട്ടിയത്. ഏറ്റവും അധികം പരാതികള്‍ കിട്ടിയത് തിരുവനന്തപുരം ജില്ലയില്‍ നിന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും അധികം പരാതികള്‍ തദ്ധേശ ഭരണ വകുപ്പുമായി ബന്ധപ്പെട്ടാണ്. പരാതികളില്‍ മേല്‍ നെഗറ്റീവ് അപ്രോച്ച്‌ അല്ല വേണ്ടത്. താലുക്ക് തല അദാലത്തുകളില്‍ പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങള്‍ പരിഹരിക്കാനായി സംസ്ഥാന തല അദാലത്ത് സംഘടിപ്പിക്കണമോ എന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു