ചെന്നൈ സ്റ്റോറി; സാമന്ത നായികയായി പുതിയ ഇംഗ്ലീഷ് സിനിമ വരുന്നു

single-img
27 May 2023

കേരളാ സ്റ്റോറിയുടെ വിവാദങ്ങൾ കെട്ടടങ്ങും മുൻപേ ‘ചെന്നൈ സ്റ്റോറി’ എന്ന പേരിൽ സാമന്ത നായികയായി പുതിയ ഇംഗ്ലീഷ് ചിത്രം വരുന്നുവെന്ന് റിപ്പോർട്ട്. ചിത്രം സംവിധാനം ചെയ്യുന്നത് ബ്രിട്ടീഷ് സംവിധായകന്‍ ഫിലിപ് ജോണ്‍ ആണ്. ഈ സിനിമ തമിഴിലും റിലീസ് ചെയ്യുമെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

സാമന്തയും വിവേക് കല്‍റയുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അതേസമയം, വിവാദ സിനിമയായ കേരള സ്റ്റോറിയ്ക്ക് പിന്നാലെ എത്തുന്ന ചെന്നൈ സ്റ്റോറിയെ സംബന്ധിച്ച ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. എന്‍ മുരാരി എഴുതിയ ‘അറേഞ്ച്മെന്റ് ഓഫ് ലവ്’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ സിനിമ ഒരുങ്ങുന്നതെന്നാണ് വിവരം.

അമ്മയുടെ മരണത്തിന് ശേഷം ജന്മനാട്ടിലേയ്ക്ക് മടങ്ങുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് സിനിമ പറയുന്നത്. തങ്ങളുമായി വേർപിരിഞ്ഞ് താമസിക്കുന്ന പിതാവിനെ അന്വേഷിക്കുന്നതിനിടയിൽ യുവാവ് ഒരു സ്ത്രീയെ കണ്ടുമുട്ടുകയും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം. ചെന്നൈ സ്റ്റോറിയുടെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.