വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ലക്ഷദ്വീപ് മുന്‍ എംപിയുടെ സഹോദരനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

single-img
15 January 2023

കൊച്ചി: കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ലക്ഷദ്വീപ് മുന്‍ എംപിയുടെ സഹോദരനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു.

കേസിലെ ഒന്നാം പ്രതി നൂറുള്‍ അമീനെയാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പിരിച്ചുവിട്ടത്. അന്ത്രോത്ത് എംജിഎസ്‌എസ്‌എസ് സ്കൂളില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു ഇദ്ദേഹം.

അധ്യാപകന്‍ സമൂഹത്തിന് അഹിംസയുടെ സന്ദേശം നല്‍കേണ്ട വ്യക്തിയെന്നാണ് ഭരണകൂടം പിരിച്ചുവിടല്‍ ഉത്തരവില്‍ വ്യക്തമാക്കിയത്. നൂറുള്‍ അമീനിന്റെ പ്രവര്‍ത്തി ഇതിന് ചേര്‍ന്നതല്ല എന്നും അഡ്മിനിസ്ട്രേറ്റര്‍. കേസില്‍ ഒന്നാം പ്രതിയായ നൂറുള്‍ അമീനും രണ്ടാം പ്രതിയായ മുന്‍ എംപി മുഹമ്മദ് ഫൈസലും അടക്കമുള്ളവര്‍ നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയാണ്. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ മുഹമ്മദ് ഫൈസല്‍, എംപി സ്ഥാനത്തു നിന്ന് അയോഗ്യനായിരുന്നു.

വധശ്രമ കേസിലെ പത്ത് വര്‍ഷത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ അടക്കം 4 പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി കേരള ഹൈക്കോടതി ഈ മാസം 17 നാണ് പരിഗണിക്കുക. കേസില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പരാതിക്കാരനായ മുഹമ്മദ് സാലിഹിനോടും പ്രോസിക്യൂഷനോടും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അപ്പീലില്‍ വിധി വരുന്നത് വരെ കവരത്തി കോടതിയുടെ ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്ന എംപിയുടെ ആവശ്യത്തില്‍ ചൊവ്വാഴ്ച വിശദമായ വാദം കേള്‍ക്കും.

മുഹമ്മദ് ഫൈസല്‍, സഹോരന്‍മാരായ അമീന്‍, പഠിപ്പുരക്കല്‍ ഹുസൈന്‍ അടക്കമുള്ളവരാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. വധശ്രമത്തിന് ഉപയോഗിച്ചെന്ന് പറയുന്ന ആയുധങ്ങള്‍ പോലും കണ്ടെത്തിയിട്ടില്ലെന്നും കേസ് ഡയറിയിലെ വൈരുദ്ധ്യങ്ങള്‍ കവരത്തി സെഷന്‍സ് കോടതി മുഖവിലയ്ക്ക് എടുത്തില്ലെന്നുമാണ് ലക്ഷദ്വീപ് മുന്‍ എംപിയുടെയും സഹോദരങ്ങളുടെയും വാദം.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട 2009 ലെ സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസ് പ്രവലര്‍ത്തകനായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച കേസിലാണ് ഇവര്‍ ശിക്ഷിക്കപ്പെട്ടത്. നാല് പ്രതികളെ 10 വര്‍ഷം തടവിനും 1 ലക്ഷം രൂപ പിഴയൊടുക്കാനും കവരത്തി ജില്ലാ സെഷന്‍സ് കോടതി ശിക്ഷിക്കുകയായിരുന്നു.