ഭീകരവാദ ഭീഷണിയെ ഏതെങ്കിലും മതവുമായോ ദേശീയതയുമായോ ഗ്രൂപ്പുമായോ ബന്ധപ്പെടുത്താൻ കഴിയില്ല: അമിത് ഷാ

single-img
18 November 2022

ഭീകരവാദ ഭീഷണിയെ ഏതെങ്കിലും മതവുമായോ, ദേശീയതയുമായോ, ഗ്രൂപ്പുമായോ ബന്ധിപ്പിക്കാൻ കഴിയില്ലെന്നും അങ്ങനെ ബന്ധപ്പെടുത്തരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . ‘നോ മണി ഫോർ ടെറർ’ സമ്മേളനത്തിൽ സംസാരിക്കവെ “തീവ്രവാദ ഭീഷണിയെ ഏതെങ്കിലും മതവുമായോ ദേശീയതയുമായോ ഗ്രൂപ്പുമായോ ബന്ധപ്പെടുത്താൻ കഴിയില്ലെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. ഇതിനെ നേരിടാൻ, അടിസ്ഥാന സുരക്ഷയിലും, നിയമപരവും സാമ്പത്തികവുമായ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലും ഞങ്ങൾ ഗണ്യമായ പുരോഗതി കൈവരിച്ചു” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

“ഭീകരവാദത്തേക്കാൾ അതിനെ പ്രോത്സാഹിപ്പിക്കാൻ ധനസഹായം നൽകുന്നതാണ് കൂടുതൽ അപകടകരം. കാരണം ഭീകരവാദത്തിന്റെ എല്ലാ പ്രവർത്തനങ്ങളും അത്തരം ഫണ്ടിംഗിൽ നിന്നാണ് പരിപോഷിപ്പിക്കപ്പെടുന്നത്. ഇതിനുള്ള ധനസഹായം ലോകരാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ദുർബലപ്പെടുത്തുന്നതാണ്” അമിത് ഷാ പറഞ്ഞു.

ഭീകരവാദത്തിനെതിരെ പോരാടാനുള്ള കൂട്ടായ ദൃഢനിശ്ചയത്തെ തുരങ്കം വയ്ക്കാനും തടസ്സപ്പെടുത്താനും ശ്രമിക്കുന്ന രാജ്യങ്ങളുണ്ടെന്ന് അമിത് ഷാ പാക്കിസ്ഥാനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് വ്യക്തമാക്കി. തീവ്രവാദികളെ സ്‌പോൺസർ ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന രാജ്യങ്ങളുടെ ഇരട്ടത്താപ്പ് തുറന്നു കാട്ടപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചില രാജ്യങ്ങൾ തീവ്രവാദികളെ സംരക്ഷിക്കുകയും അവർക്ക് അഭയം നൽകുന്നതും നാം കണ്ടു. ഒരു തീവ്രവാദിയെ സംരക്ഷിക്കുന്നത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ്. അക്രമം നടത്താനും യുവാക്കളെ ഇതിലേക്ക് കൊണ്ടുവരാനും സാമ്പത്തിക സ്രോതസ്സുകൾ സ്വരൂപിക്കാനും തീവ്രവാദികൾ നിരന്തരം പുതിയ വഴികൾ കണ്ടെത്തുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി.