തെലുങ്ക് സിനിമാ വ്യവസായം എന്നാല്‍ സിനിമാ കുടുംബങ്ങളും ആരാധകരും മാത്രം; വിമർശനവുമായി അമല പോൾ

single-img
15 September 2022

നിർമാണമേഖലയിൽ കോടികൾ മുടക്കി ഇരട്ടി പണം ലാഭമാക്കുന്ന തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയെ കുറിച്ച് വിമർശനവുമായി മലയാളിയായ തെന്നിന്ത്യൻ താരം നടി അമല പോള്‍. തെലുങ്ക് സിനിമാ വ്യവസായം എന്ന് പറഞ്ഞാൽ സിനിമാ കുടുംബങ്ങളും ആരാധകരും മാത്രമാണെന്ന് ഒരു അഭിമുഖത്തിൽ അമല പറഞ്ഞു.

ലാഭം മാത്രം ലക്ഷ്യമാക്കുന്ന വാണിജ്യ സിനിമകള്‍ക്ക് മാത്രമാണ് ടോളിവുഡ് പ്രാധാന്യം നല്‍കുന്നത്. അത്തരത്തിലുള്ള സിനിമകളില്‍ നായികാ കഥാപാത്രത്തിന് റൊമാന്റിക് രംഗങ്ങളും ഗാനരംഗങ്ങളും മാത്രമാണ് ലഭിക്കാറുള്ളത്. അതായത് സിനിമയുടെ കഥയ്ക്ക് ആവശ്യമായ ഒരു സംഭാവനയും നല്‍കാന്‍ നായികാ കഥാപാത്രങ്ങള്‍ക്ക് സാധിക്കാറില്ലെന്നും അമല പോള്‍ പറയുന്നു.

‘തമിഴിന് ശേഷം ഞാന്‍ തെലുങ്ക് ഇന്‍ഡസ്ട്രിയിലേക്ക് പോയപ്പോള്‍, കുടുംബങ്ങളുടെ സ്വാധീനമുണ്ടെന്ന് എനിക്ക് മനസിലായി. ഈ പാരമ്പര്യ സിനിമാ കുടുംബങ്ങളും അവരുടെ ആരാധകരുമാണ് ആധിപത്യം പുലര്‍ത്തുന്നത്. അവര്‍ ആ ഘട്ടത്തില്‍ നിര്‍മ്മിച്ച സിനിമകള്‍ വളരെ വലുതായിരുന്നു. തെലുങ്ക് സിനിമയില്‍ എപ്പോഴും രണ്ട് നടിമാര്‍ ഉണ്ടാവും’. അമല പറഞ്ഞു.

‘ അവിടെ സിനിമകളിൽ പ്രണയ രംഗങ്ങളും പാട്ടുകളും എല്ലാം വളരെ ഗ്ലാമറസാണ്. അവയെല്ലാം വാണിജ്യ സിനിമകളായിരുന്നു. ആ സമയം എനിക്ക് ആ ഇന്‍ഡസ്ട്രിയുമായി കൂടുതല്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. അതിനാല്‍ തന്നെ ഞാന്‍ വളരെ കുറച്ച് സിനിമകള്‍ മാത്രമാണ് അവിടെ ചെയ്തത്’. – അമല പോള്‍ പറഞ്ഞു.