സയ്ദ് മുഷ്‌താഖ് അലി ട്രോഫി; റയിൽവേസിനെതിരെ കേരളത്തിന് പരാജയം

single-img
28 November 2025

സയ്യിദ് മുഷ്താഖ് അലി ട്രോഫി ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ കേരളത്തിന് നിരാശാജനക തോൽവി. ലക്‌നൗയിലെ ഏകന സ്റ്റേഡിയത്തിൽ നടന്ന ഇന്നത്തെ മത്സരത്തിൽ റെയിൽവേസ് 32 റൺസിന്റെ വിജയത്തോടെ മുന്നേറി. 150 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗ് തുടങ്ങി കേരളം 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 117 റൺസ് മാത്രമാണ് നേടിയത്.

ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസണുള്പ്പെടെ ഏതൊരു ബാറ്റ്സ്മാനുമെത്ത നിലയുറപ്പിക്കാൻ കഴിയാത്തവിധം റെയിൽവേസിന്റെ കർശനമായ ബൗളിംഗ് നിരയാണ് മത്സരത്തിന്റെ രൂക്ഷത നിർണയിച്ചത്. മാൻ ഓഫ് ദി മാച്ച് നവനീത് വിർക് അതുല്യമായ ഓൾറൗണ്ട് പ്രകടനമാണ് കാഴ്ചവച്ചത് — നാല് ഓവറിൽ 23 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ നേടി. ശിവം ചൗധരി രണ്ടും, പാണ്ഡെ, രാജ് ചൗധരി, നായകൻ കരൺ ശർമ്മ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

കേരളത്തിന്റെ ഭാഗത്ത് നിന്ന് നായകൻ സഞ്ജു സാംസൺ 19 റൺസോടെ ടോപ് സ്കോററായെങ്കിലും മറ്റാർക്കും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞില്ല.

നേരത്തെ ടോസ്സ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത റെയില്വേസിനെ 7 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് എന്ന ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ചത് 32 റൺസ് നേടിയ വീർകും 25 റൺസ് നേടിയ രവി സിങ്ങും ചേർന്നാണ്. കേരളത്തിനായി പേസർ കെ എം ആസിഫ് മൂന്നും ശറഫുദ്ധീൻ , അഖിൽ സ്കറിയ എന്നിവർ രണ്ടും വിക്കറ്റുകൾ വീതം നേടി. ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ഒഡീഷയെ 10 വിക്കറ്റുകൾക്ക് തകർത്ത കേരളത്തിന്റെ ഇനിയുള്ള മത്സരങ്ങൾ ഞായറാഴ്ച ഛത്തീസ്ഗണ്ഡിനോടും ചൊവാഴ്ച്ച വിദർഭയോടും ആണ്.