സ്വിഗ്ഗി തൊഴിലാളികള്‍ നാളെ മുതല്‍ പണിമുടക്കിലേക്ക്

single-img
13 November 2022

എറണാകുളം ജില്ലയിലെ സ്വി​ഗി വിതരണക്കാർ അനിശ്ചിതകാല പണികുടക്ക് പ്രഖ്യാപിച്ചു. മിനിമം വേതന നിരക്ക് ഉയർത്തണമെന്നതടക്കമുള്ള ആവശ്യങ്ങൾ വീണ്ടും കമ്പനി തഴഞ്ഞ സാഹചര്യത്തിലാണ് സമരം.

വേതന വര്‍ദ്ധന ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് സ്വിഗ്ഗി ഡെലിവറി ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. ജോലി ബഹിഷ്കരിച്ചായിരുന്നു സമരം. കുറഞ്ഞ വേതനം രണ്ട് കിലോമീറ്ററിന് 25 രൂപയാക്കണം, അധികം ഓടുന്ന ഓരോ കിലോമീറ്ററിനും പത്ത് രൂപ അധികം നൽകണം, പാര്‍ട് ടൈം ജീവനക്കാര്‍ക്ക് കുറഞ്ഞത് 500 രൂപയുടെ വരുമാനം ഉറപ്പാക്കുക തുടങ്ങിയ 30 ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു തിരുവനന്തപുരത്ത് സ്വിഗ്ഗി ഡെലിവറി ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തിയത്.

ഒരു ദിവസം 750 രൂപയാണ് ഒരു തൊഴിലാളിയുടെ ടാര്‍ഗറ്റ്. ഈ ടാര്‍ഗറ്റ് എത്തിയാല്‍ 250 രൂപ ഇന്‍സെന്റീവ് ലഭിക്കും. എന്നാല്‍ 750എത്താന്‍ അഞ്ച് രൂപ ബാക്കിയുള്ളപ്പോള്‍ കമ്പനി ഓർഡർ തരാതെ വൈകിപ്പിക്കും എന്നും, ദിവസത്തില്‍ 16ഉം 17ഉം മണിക്കൂര്‍ ജോലി ചെയ്യിപ്പിക്കും എന്നുമാണ് കൊച്ചിയിലെ സ്വി​ഗി വിതരണക്കാർ പറയുന്നത്.

കോവിഡിന് ശേഷം ജോലി നഷ്ടപ്പെട്ടവരും തിരികെ പോവാന്‍ കഴിയാതിരുന്ന പ്രവാസികളുമുള്‍പ്പെടെ പതിനായിരത്തിലധികം സ്വിഗ്ഗി തൊഴിലാളികള്‍ പുതുതായി ജോലി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അവരെ പരമാവധി ചൂഷണം ചെയ്യുന്ന സമീപനമാണ് കമ്പനിയുടേതെന്ന് തൊഴിലാളികള്‍ പറയുന്നു.

ആവശ്യങ്ങള്‍ സ്വിഗ്ഗിയെ അറിയിച്ച് 15 ദിവസം കഴിഞ്ഞിട്ടും നടപടി ഇല്ലാത്ത സാഹചര്യത്തിലാണ് തൊഴിലാളികള്‍ സമരത്തിനിറങ്ങുന്നത്. കൊച്ചിയില്‍ 11 സോണില്‍ ഒമ്പത് സോണിലേയും തൊഴിലാളികള്‍ ഒന്നിച്ച് പണിമുടക്കും.