വിദ്യാർഥികളെ മർദിച്ച എസ്‌ഐക്ക് സസ്‌പെൻഷൻ

single-img
15 October 2022

സുഹൃത്തിനെ കസ്റ്റഡിയിലെടുത്തതിന്റെ കാരണം തിരക്കി എത്തിയ വിദ്യാർഥികളെ മർദിച്ച എസ്‌ഐക്ക് സസ്‌പെൻഷൻ. കോതമംഗലം സ്റ്റേഷനിലെ എസ് ഐ മാഹീൻ സലീമിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. യൽദോ മാർ ബസേലിയോസ് കോളേജിലെ ബിരുദവിദ്യാർഥി റോഷൻ ബെന്നിയെയാണ് പൊലീസ് മർദിച്ചത്. കോതമംഗലം എസ്.എഫ്.ഐ മണ്ഡലം ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ് റോഷൻ റെന്നി.

സ്റ്റേഷനകത്ത് വച്ച് വിദ്യാർത്ഥിയുടെ തലയ്ക്ക് അടിക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ കൂട്ടം കൂടി നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെ സ്ഥലത്ത് എത്തിയ പൊലീസ് പട്രോളിംഗ് പാർട്ടി ഒരു വിദ്യാർത്ഥിയെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതേ കുറിച്ച് അന്വേഷിക്കാനായി വിദ്യാർത്ഥികൾ സംഘമായി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.

നീ എസ്.എഫ്.ഐക്കാരനല്ലേ എന്ന് ചോദിച്ച് എസ്.ഐ സ്റ്റേഷനിലുള്ളിലേക്ക് വലിച്ചുകൊണ്ടുപോയി അടിക്കുകയായിരുന്നെന്ന് വിദ്യാർഥിയായ റോഷൻ റെന്നി മാധ്യമങ്ങളോട് പറഞ്ഞു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് സുഹൃത്തിനെ പിടിച്ചുകൊണ്ടുപോയത്. പൊലീസുകാരൻ മദ്യപിച്ചിട്ടുണ്ടെന്ന് സംശയമുണ്ടെന്നും വിദ്യാർഥി പറഞ്ഞു.