സുരേഷ് ഗോപി സമർപ്പിച്ച ഉപഹർജി തള്ളി; ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട തെരഞ്ഞെടുപ്പ് ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി

തൃശൂർ ലോക്‌സഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ നൽകിയ തെരഞ്ഞെടുപ്പ് ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി. ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി സുരേഷ് ഗോപി സമർപ്പിച്ച ഉപഹർജി കോടതി തള്ളി. ഇതോടെ കേസിൽ അദ്ദേഹം വിചാരണ നേരിടേണ്ടി വരും.
ലോക്‌സഭ തെരഞ്ഞെടുപ്പിലെ വിജയം ചോദ്യം ചെയ്തുള്ള ഹർജി പ്രാഥമിക ഘട്ടത്തിൽ തന്നെ തള്ളാനാവില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. എഐവൈഎഫ് തൃശൂർ ജില്ല പ്രസിഡൻ്റ് എഎസ് ബിനോയ് ആണ് സുരേഷ് ഗോപിക്കെതിരെ കോടതിയെ സമീപിച്ചത്. ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ഹർജികളിലെ നടപടിക്രമമനുസരിച്ച് വരും ദിവസങ്ങളിൽ കേസിൽ വിപുലമായ തുടർനടപടികളുണ്ടാകും. സുരേഷ് ഗോപിയുടെയും ഹർജിക്കാരൻ്റെയും വാദങ്ങൾ കോടതി വിശദമായി കേൾക്കും. ആരോപണങ്ങൾ തെളിയിക്കുന്നതിനായി ഇരുകൂട്ടർക്കും രേഖകളും മറ്റ് തെളിവുകളും കോടതിയിൽ സമർപ്പിക്കാം. കേസിൽ വിശദമായ വാദം കേട്ട ശേഷമായിരിക്കും അന്തിമ വിധി പ്രസ്താവിക്കുക.
ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മതചിഹ്നങ്ങൾ ഉപയോഗിച്ചും മതവികാരം ഇളക്കിവിട്ടും വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. ഇത് വലിയ തെരഞ്ഞെടുപ്പ് ക്രമക്കേടാണെന്ന് ഹർജിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടുന്നു. ശ്രീരാമൻ്റെയും ശ്രീകൃഷ്ണൻ്റെയും ചിത്രങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളിൽ വ്യാപകമായി ഉപയോഗിച്ചുവെന്നാണ് മറ്റൊരു ആരോപണം. ഇതിന് പുറമെ മതത്തിൻ്റെ പേരിൽ വോട്ട് അഭ്യർഥിച്ചു, വോട്ടർമാർക്ക് പണവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തു തുടങ്ങിയ ഗൗരവതരമായ കാര്യങ്ങളും സുരേഷ് ഗോപിയുടെ വിജയം ചോദ്യം ചെയ്തുള്ള ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമത്തിൻ്റെ നഗ്നമായ ലംഘനമാണ് മണ്ഡലത്തിൽ നടന്നതെന്നും അതിനാൽ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നുമാണ് ഹർജിക്കാരൻ്റെ പ്രധാന ആവശ്യം. ഈ ആരോപണങ്ങളിലായിരിക്കും കോടതിയിൽ വിചാരണ നടക്കുക.
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്ന് 74,686 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൻഡിഎ സ്ഥാനാർഥിയായിരുന്ന സുരേഷ് ഗോപി വിജയിച്ചത്. കേരളത്തിൽ നിന്നുള്ള ബിജെപിയുടെ ആദ്യ ലോക്‌സഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് കേന്ദ്രമന്ത്രിസഭയിൽ അംഗമാകുകയും ചെയ്തു. എൽഡിഎഫ് സ്ഥാനാർഥി വിഎസ് സുനിൽകുമാറിനെയും യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരനെയുമാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
സംസ്ഥാനത്ത് തന്നെ ഏറ്റവും ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തിൽ തുടക്കം മുതൽ തന്നെ വലിയ തെരഞ്ഞെടുപ്പ് പ്രചാരണമാണ് ബിജെപി നടത്തിയത്. ഇതിനിടെയാണ് വോട്ടർമാരെ സ്വാധീനിക്കാൻ മതചിഹ്നങ്ങൾ ഉപയോഗിച്ചെന്നതടക്കമുള്ള ആരോപണങ്ങൾ എതിർപക്ഷത്ത് നിന്നുള്ളവർ ഉയർത്തിയത്. വരും ദിവസങ്ങളിൽ കേസിൽ ഹൈക്കോടതിയിൽ നടക്കുന്ന വാദപ്രതിവാദങ്ങൾ രാഷ്ട്രീയ കേരളം വലിയ പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്.


