ഡല്‍ഹി മെട്രോ പോകുന്നത് മൂന്ന് സംസ്ഥാനങ്ങളിലൂടെ; കൊച്ചി മെട്രോ കോയമ്പത്തൂർ വരെ നീട്ടണമെന്ന് വീണ്ടും സുരേഷ് ഗോപി

കോയമ്പത്തൂർ വരെയായി കൊച്ചി മെട്രോ വിപുലീകരിക്കണമെന്ന ആവശ്യം വീണ്ടും ഉയർത്തിക്കൊണ്ട് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി . പാലക്കാട് ഭാഗത്ത് നിന്ന് കാറിൽ വരുന്നവർ ആലുവയിൽ വാഹനം പാർക്ക് ചെയ്ത് മെട്രോയിൽ കയറി കൊച്ചിയിലേക്ക് വരാൻ സാധ്യതയില്ലെന്നും, വാണിജ്യ കോറിഡോർ എന്ന നിലയിൽ ചിന്തിക്കുന്നുവെങ്കിൽ മെട്രോ കോയമ്പത്തൂർ വരെ നീളേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
തൃപ്പൂണിത്തുറയിലെ ബിജെപി തദ്ദേശതിരഞ്ഞെടുപ്പ് പ്രചരണപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . കൊച്ചി മെട്രോയുടെ വികസനം സംബന്ധിച്ച തന്റെ മുൻ പ്രസ്താവനയെ പരിഹസിച്ചതിനെ കുറിച്ച് പരാമർശിച്ച മന്ത്രി, “അപ്പോൾ എന്തൊക്കെ പറയുകയുണ്ടായി, എന്നെ പരിഹസിച്ചു. എന്നാല്‍ അവരെ ‘ഊളകൾ’ എന്ന് വിളിക്കാതെ എനിക്ക് വഴിയില്ല,” എന്നു പറഞ്ഞു. വികാരങ്ങൾ തുറന്നുപറയുന്നുവെന്നു ചേർത്തു. ഡൽഹി മെട്രോ മൂന്ന് സംസ്ഥാനങ്ങളിലൂടെ സർവീസ് നടത്തുന്നുണ്ടെന്നും—നോയിഡ (യുപി) മുതൽ ഹരിയാന വരെയുള്ള ദൂരം മെട്രോയിലൂടെ കടന്നുപോകുന്നുവെന്നും—ഇതിലൂടെ ഇത്തരം വ്യാപനം സാദ്ധ്യമാണെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
2036ൽ ഇന്ത്യയിൽ ഒളിമ്പിക്സ് നടത്താനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഉദ്ധരിച്ച അദ്ദേഹം, “36ൽ അല്ലെങ്കിൽ 40ൽ ഒളിമ്പിക്സ് നടക്കും; അതിനനുസരിച്ച് രാജ്യത്ത് വ്യാപകമായ അടിസ്ഥാന സൗകര്യ വികസനം സംഭവിക്കും,” എന്നും പറഞ്ഞു.
“ഇവിടെ ഇരുന്നു വിമർശിച്ച് മാത്രം കാര്യമില്ല; ഇന്ന് യുപി എങ്ങനെയാണ് മാറിയതെന്ന് പോയി നേരിൽ കണ്ടറിയണം. യുപി യുപിയാണ്, ഗുജറാത്ത് ഗുജറാത്താണ്; ഒളിമ്പിക്സ് വന്നാൽ അത് തെളിയിക്കാനാകും,” കായിക അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഉത്തർപ്രദേശിൽ നടന്ന പുരോഗതിയെ ഉദാഹരിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു.


