കെ ആർ നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ സമരം അവസാനിച്ചു

single-img
23 January 2023

കെ ആർ നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുടെ സമരം ഒത്തുതീർന്നതായി മന്ത്രി ആർ ബിന്ദു അറിയിച്ചു. ഇതോടെ 50 ദിവസമായി നീണ്ടു നിന്ന വിദ്യാര്‍ഥി സമരം അവസാനിച്ചു. ഡയറക്ടർ ശങ്കർ മോഹനൻ നേരത്തേ രാജിവച്ചെങ്കിലും സമരത്തിൽ നിന്ന് വിദ്യാർഥികൾ പിന്മാറിയിരുന്നില്ല. തങ്ങൾ ഉന്നയിച്ച മറ്റ് ആവശ്യങ്ങൾ കൂടി പരിഹരിച്ചു നൽകാതെ സമരം അവസാനിപ്പിക്കേണ്ട എന്നായിരുന്നു വിദ്യാർഥികളുടെ തീരുമാനം.

വിദ്യാർഥികൾ നൽകിയ പരാതിയിന്മേലുള്ള കേസുകൾ രമ്യമായി പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഒഴിഞ്ഞുകിടക്കുന്ന സംവരണ സീറ്റുകൾ നികത്തും. സംവരണ മാനദണ്ഡങ്ങൾ സർക്കാർ തീരുമാനിക്കും. കോഴ്‌സ്‌ പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ്‌ വിതരണം മാർച്ചിനുള്ളിൽ പൂർത്തിയാക്കും. ജീവനക്കാരെ ഡയറക്‌ടറുടെ വീട്ടുജോലികൾ ചെയ്യിക്കുന്നത്‌ ശരിയായ പ്രവണതയല്ല. ഇത്തരം പ്രവണതകൾ അവസാനിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

സമരം അവസാനിപ്പിക്കുന്നതായി വിദ്യാർഥികളും പറഞ്ഞു. അനുകൂലമായ നിലപാടാണ്‌ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത്‌. 50 ദിവസം സമരം മുന്നോട്ടുപോയത്‌ ഒരുപാട്‌ പേരുടെ പിന്തുണകൊണ്ടാണ്‌. ചെയർമാനുമായി ഇനി സഹകരിക്കില്ലെന്നും വിദ്യാർഥികൾ പറഞ്ഞു.