കട്ടപ്പുറത്തുള്ള വണ്ടികൾ റോഡിലിറക്കും; പ്രതിദിന വരുമാനം എട്ടുകോടിയാക്കാൻ കെഎസ്‌ആർടിസി

single-img
8 April 2023

പ്രതിദിന വരുമാനം ജൂണോടെ എട്ടുകോടിയിൽ എത്തിക്കാൻ പദ്ധതിയുമായി കെഎസ്‌ആർടിസി. ഇതിന്റെ ഭാഗമായി കട്ടപ്പുറത്ത്‌ കിടക്കുന്ന ഓർഡിനറി ബസുകൾ നന്നാക്കി ലാഭകരമായ റൂട്ടിൽ ഓടിച്ചും, പുതുതായി സ്വിഫ്‌റ്റിന്‌ ലഭിച്ച 131 ബസ്‌ ലാഭകരമായ റൂട്ടിൽ സർവീസ്‌ നടത്തുന്നതിലൂടെയും ലക്ഷ്യം നേടാൻ കഴിയുമെന്നാണ്‌ കണക്കുകൂട്ടൽ.

ഇതിന്റെ ഭാഗമായി ഓരോ സോണിലുമുള്ള കട്ടപ്പുറത്തായ ബസുകളുടെ സ്ഥിതിവിവരങ്ങൾ ശേഖരിച്ചു. ബജറ്റിൽ വർക്ക്‌ഷോപ്പുകളുടെ നവീകരണത്തിനും വാഹനങ്ങളുടെ നവീകരണത്തിനുമായി 100 കോടി വകയിരുത്തിയിട്ടുണ്ട്‌.

ബുധനാഴ്‌ചയോടെ പുതിയ മുഴുവൻ സൂപ്പർഫാസ്റ്റ്‌ ബസുകളും നിരത്തിലിറക്കും. ഇതോടെ 297 ആയി സ്വിഫ്‌റ്റ്‌ ബസുകളുടെ എണ്ണം കൂടും. സ്വിഫ്‌റ്റ്‌ സർവീസിലൂടെ ശരാശരി കിലോമീറ്ററിന്‌ 18 രൂപ ലാഭമുണ്ടാകുന്നതായാണ്‌ കണക്ക്‌. പുതിയ സർവീസുകളിലൂടെ മൂന്നുകോടി രൂപയെങ്കിലും കൂടുതലായി കണ്ടെത്താൻ കഴിയുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

നിലവിൽ തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച സിംഗിൾ ഡ്യൂട്ടി വ്യാപിപ്പിക്കും. വർക്ക്‌ ഷോപ്പുകൾ നവീകരിക്കാനും ബസുകൾ സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്താനുമായി ജോയിന്റ്‌ എംഡിക്ക്‌ പ്രത്യേകമായി ചുമതലയും നൽകി.