വിഴിഞ്ഞം തുറമുഖത്തിന്റെ സംരക്ഷണം കേന്ദ്ര സേനയെ ഏൽപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് സംസഥാന സർക്കാർ

single-img
2 December 2022

വിഴിഞ്ഞം തുറമുഖത്തിന്റെ സംരക്ഷണം കേന്ദ്ര സേനയെ ഏൽപ്പിക്കുന്നതിൽ എതിർപ്പില്ല എന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിജിയെ അറിയിച്ചു. വിഴിഞ്ഞം പദ്ധതി നിര്‍മാണത്തിന് കേന്ദ്ര സേനയുടെ സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കവെയാണ് സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കിയത്. വിഷയത്തിൽ നിലപാട് അറിയിക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് നൽകി.

ഇതിനിടെ വിഴിഞ്ഞം അക്രമത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയും കോടതിയുടെ പരിഗണനയിൽ ഉണ്ട്. വിഴിഞ്ഞം സ്വദേശിയായ മുന്‍ ഡിവൈഎസ്പിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ആക്രമണത്തില്‍ ഗൂഢാലോചന ഉള്‍പ്പടെ പുറത്ത് കൊണ്ട് വരണമെന്നാണ് ആവശ്യം. പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പ്രതികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. ഇത് സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാരിനും ഡിജിപിക്കും നിര്‍ദേശം നല്‍കണം. സര്‍ക്കാരിന് സാധിച്ചില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെയോ കേന്ദ്രസേനയുടെയോ സഹായം തേടാന്‍ ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരം സര്‍ക്കാരിന് വെല്ലു വിളി ആയിരിക്കെ സമരത്തോട് സ്വീകരിക്കേണ്ട നയസമീപനം സിപിഎമ്മില്‍ ചര്‍ച്ചയായേക്കും. ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം വിശദമായി പരിഗണിച്ചേക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ സംഘര്‍ഷവും മന്ത്രി വി.അബ്ദുറഹ്മാനെതിരെ ലത്തീന്‍ അതിരൂപത വൈദികന്‍ തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ പരാമര്‍ശവും ചര്‍ച്ചയായേക്കും. സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്തുന്നില്ല എന്ന വിമര്‍ശനവും ശക്തമാണ്.

സമരത്തിനെതിരെ രാഷ്ട്രീയ പ്രചാരണത്തിന് നേരത്തേ സി പിഎം തീരുമാനിച്ചിരുന്നു. തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും.