സംസ്ഥാന ബജറ്റ് നാളെ; സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ബജറ്റില്‍ നികുതികളും ഫീസുകളും കൂട്ടുമെന്ന് സൂചന

single-img
2 February 2023

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നാളെ നിയമസഭയില്‍ അവതരിപ്പിക്കും.

സംസ്ഥാനത്തിന്‍റെ ധനസ്ഥിതി വ്യക്തമാക്കുന്ന സാമ്ബത്തിക അവലോകന റിപ്പോര്‍ട്ട് ധനമന്ത്രി ഇന്ന് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കും. സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ബജറ്റില്‍ നികുതികളും ഫീസുകളും കൂട്ടുമെന്നാണ് സൂചന. ക്ഷേമപെന്‍ഷന്റെ കാര്യത്തിലും അന്തിമ തീരുമാനം ഇന്ന് ഉണ്ടാകും. ധൂര്‍ത്തും സ്വജനപക്ഷപാതവും സാമ്ബത്തിക അച്ചടക്കമില്ലായ്മയുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സംസ്ഥാനത്തിന്‍റെ കടം ഉടന്‍ നാലുലക്ഷം കോടിയാകുമെന്നാണ് പ്രതിപക്ഷം ഇറക്കിയ ധവളപത്രത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ സംസ്ഥാനത്തിന്‍റെ പ്രതിസന്ധിക്ക് കാരണം കേന്ദ്രസര്‍ക്കാരെന്നാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറയുന്നത്.

സംസ്ഥാനത്തിന്റെ സാമ്ബത്തിക വളര്‍ച്ചാ നിരക്ക് ചൂണ്ടിക്കാണിച്ചും സര്‍ക്കാര്‍ പ്രതിരോധം തീര്‍ക്കുന്നു. ജിഎസ്‌ഡിപി 12 ശതമാനം ഉയര്‍ന്നത് സര്‍ക്കാരിന്‍റെ നേട്ടമാണെന്നാണ് അവകാശവാദം. അതിനാല്‍ തന്നെ ഇന്ന് നിയമസഭയില്‍ വയ്ക്കുന്ന സാമ്ബത്തിക അവലോകന റിപ്പോര്‍ട്ടിലെ സൂചകങ്ങള്‍ക്ക് രാഷ്ട്രീയ പ്രാധാന്യവും ഏറെയാണ്. സംസ്ഥാനത്തിന്‍റെ സാമ്ബത്തിക വളര്‍ച്ച, കടം, റവന്യു ചെലവ്, പ്രവാസികളുടെ സ്ഥിതി തുടങ്ങിയ സൂചകങ്ങള്‍ നാളെ അവതരിപ്പിക്കുന്ന ബജറ്റിനെ സംബന്ധിച്ചും പ്രധാനമാണ്.

നിലവിലെ സാമ്ബത്തിക സ്ഥിതിയില്‍ അധിക വിഭവസമാഹരണം ലക്ഷ്യമിടുന്ന ബജറ്റാകും നാളെ ധനമന്ത്രി അവതരിപ്പിക്കുന്നത്. വരുന്ന ബജറ്റുകളെല്ലാം തെരഞ്ഞെടുപ്പ് വര്‍ഷങ്ങളിലാകും എന്നതിനാല്‍ അധികവിഭവസമാഹരണത്തിന് മന്ത്രി അവസരം നല്‍കുന്ന അവസാന ബജറ്റാകും ഇത്തവണത്തേത്. ചെലവുചുരുക്കല്‍ നടപടികള്‍ക്കും സാധ്യതയുണ്ട്.

പ്രതിസന്ധിയായതിനാല്‍ ക്ഷേമപെന്‍ഷന്‍ കൂട്ടില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല. 2500 രൂപയാക്കുമെന്നായിരുന്നു പ്രകടനപത്രികയിലെ വാഗ്ദാനം. ഇത്തവണത്തെ ബജറ്റില്‍ വര്‍ധന വരുത്തിയില്ലെങ്കില്‍ വരുന്ന ബജറ്റുകളില്‍ വലിയ തോതില്‍ ക്ഷേമപെന്‍ഷന്‍ ഉയര്‍ത്തേണ്ടിവരും.