സിപിഎം ക്രോസ് വോട്ടിങ് നടത്തി; ഡീൽ ആരോപണം തെരഞ്ഞെടുപ്പിനെ ബാധിച്ചു; ആരോപണങ്ങളുമായി ജോസ് കെ മാണി

തെരഞ്ഞെപ്പിൽ സിപിഎം ക്രോസ് വോട്ടിങ് നടത്തിയെന്ന ആരോപണവുമായി ജോസ് കെ മാണി. കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനു ശേഷമാണ് അദ്ദേഹം ആരോപണവുമായി രംഗത്തെത്തിയത്. എൽഡിഎഫ്- ആർഎസ്എസ് സഖ്യമെന്ന പ്രചാരണം ന്യൂനപക്ഷ വോട്ടുകൾ നഷ്ടമാക്കി. ജോസഫ് ഗ്രൂപ്പിനേക്കാൾ മുന്നിലാണ് കേരള കോൺഗ്രസ് എമ്മിന്റെ വോട്ട് വിഹിതം. ചെറിയ മാർജിനിലാണ് പാർട്ടി തോറ്റതെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടിയുടെ പൊതുവായ അഭിപ്രായമാണ് ക്രോസ് വോട്ടിങ് എന്നത്. അണികൾ ക്രോസ് വോട്ട് ചെയ്തു എന്നു അണികൾ തന്നെ പറയുന്നു. അക്കാര്യം തെളിഞ്ഞാൽ അത് ഗൗരവുമുള്ള കാര്യമാണ്. വോട്ട് ബാങ്ക് നിലനിന്നു. 2.2 ശതമാനം വോട്ടേ കുറഞ്ഞിട്ടുള്ളു. ക്ലോസ് ഫിനിഷാണ് കണ്ടത്.
വീഴ്ചകളിൽ നിന്നു ഉയർത്തെഴുന്നേൽക്കും. ആത്മവിശ്വാസമുണ്ട്. അംഗത്വ ക്യാംപെയ്ൻ ഉടൻ ആരംഭിക്കും. അകന്നുപോയ അടിസ്ഥാന വിഭാഗത്തെ തിരിച്ചെത്തിക്കും. കണ്ണൂരിൽ അതു കണ്ടല്ലോ. തിരുത്തൽ നടത്തണമെന്നു ഇടതുപക്ഷത്തിനു തോന്നൽ ഉണ്ടാകും. ഡീൽ ആരോപണം തെരഞ്ഞെടുപ്പിൽ ബാധിച്ചു. എന്നും മുന്നണി മാറിക്കൊണ്ടിരിക്കാനാകില്ല. വികസനത്തിനു ജനകീയ മുഖം വന്നില്ല. എതിരാളികൾ പല തന്ത്രങ്ങളും ഉപയോഗിച്ചിട്ടുണ്ട്. ധൂർത്തപുത്രൻ എന്നുവരെ വിളിച്ചു. 344 വ്യാജ ഐഡികൾ വച്ച് പരിഹസിച്ചുവെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.


