തമിഴ്‌നാട്ടിൽ ബിജെപി അധ്യക്ഷനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് സ്റ്റാലിൻ സർക്കാർ

single-img
10 May 2023

തമിഴ്‌നാട്ടിൽ ബിജെപി അധ്യക്ഷൻ അണ്ണാമലൈക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് ഇ കെ സ്റ്റാലിൻ സർക്കാർ. അണ്ണാമലൈ പലപ്പോഴായി പുറത്തുവിട്ട ഡിഎംകെ ഫയൽസിന്റെ പേരിലാണ് നടപടി.

സംസ്ഥാന മുഖ്യമന്ത്രി എം കെ സ്റ്റാലിനെ അണ്ണാമലൈ അപകീർത്തിപ്പെടുത്തുകയാണ് ചെയ്തതെന്ന് സർക്കാർ വാദിക്കുന്നു. 2011ൽ ചെന്നൈ മെട്രോയുടെ കരാർ ഉറപ്പിക്കാൻ എം കെ സ്റ്റാലിന്‍ 200 കോടി രൂപ കോഴ വാങ്ങിയെന്ന് അണ്ണാമലൈ ആരോപിച്ചിരുന്നു. സ്റ്റാലിൻ നയിക്കുന്ന ഡിഎംകെയുടെ നേതാക്കൾക്ക് അഴിമതിയിലൂടെ സമ്പാദിച്ച 1.34 ലക്ഷം കോടി രൂപയുടെ സ്വത്തുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ തമിഴ്‌നാട്ടിൽ നിക്ഷേപം നടത്തുന്ന ദുബായ് കമ്പനിയുടെ ഡയറക്ടർമാരാണെന്നും അണ്ണാമലൈ ആരോപിക്കുകയുണ്ടായി..

“അണ്ണാമലൈയെ ശിക്ഷിക്കുക എന്നതാണ് മികച്ച നടപടി. രാഹുൽ ​ഗാന്ധി പറഞ്ഞത് ഒന്നുമല്ലായിരുന്നു, എന്നിട്ടും അയോ​ഗ്യനാക്കിയില്ലേ. അവർക്ക് (ബിജെപി) അത് ചെയ്യാമെങ്കിൽ വ്യക്തമായ കാരണങ്ങളുള്ള കാര്യത്തിൽ അണ്ണാമലൈക്കെതിരെയും കേസ് എടുക്കാം”. ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ പറഞ്ഞു.

അതേസമയം , അണ്ണാമലൈ മാപ്പ് പറയാൻ തയ്യാറല്ലെന്നും കോടതിയിൽ ഏറ്റുമുട്ടാമെന്നും ബിജെപി നേരത്തെ പറഞ്ഞിരുന്നു. അണ്ണാമലൈ ഉയർത്തിയ ആരോപണത്തെ തമാശ എന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് ആദ്യമൊക്കെ ഡി എം കെ ചെയ്തത്.