ശ്രീനാഥ് ഭാസിക്ക് ജാമ്യം; കടുത്ത നടപടി ഉണ്ടാകുമെന്ന് നിർമ്മാതാക്കളുടെ സംഘടന

single-img
26 September 2022

അഭിമുഖത്തിനിടയിൽ അപമാനിച്ചുവെന്ന ഓൺലൈൻ വിനോദചാനൽ അവതാരകയുടെ പരാതിയിൽ അറസ്റ്റിലായ നടൻ ശ്രീനാഥ് ഭാസിക്ക് ജാമ്യം ലഭിച്ചു. കേസുമായി ബന്ധപ്പെട്ട് കൊച്ചി മരട് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനെത്തിയ നടനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സ്ത്രീത്വത്തെ അപമാനിക്കൽ(PC 509), ലൈംഗിക ചുവയോടെ സംസാരിക്കൽ (IPC – 354 A), പൊതുസ്ഥലത്ത് അസഭ്യം പറയുക ( IPC 294-A) എന്നീ വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീനാഥ് ഭാസി അഭിനയിച്ച പുതിയ സിനിമയായ ചട്ടമ്പിയുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോഴാണ് അവതാരകയോട് അപമാര്യാദയായി പെരുമാറിയത്.

പിന്നാലെ അവതാരക പൊലീസിനും വനിതാ കമ്മീഷനും പരാതി നല്‍കുകയായിരുന്നു. അതേസമയം ശ്രീനാഥ് ഭാസിക്കെതിരെ നടപടി കടുപ്പിക്കാനാണ് നിർമ്മാതാക്കളുടെ സംഘടനയുടെ തീരുമാനം. അവതരകയെ അപമാനിച്ച സംഭവത്തിലടക്കം മാപ്പ് പറഞ്ഞതുകൊണ്ട് അവസാനിക്കുന്നില്ലെന്ന് സംഘടന അറിയിച്ചു. പൊതുസ്ഥലത്ത് അപമാനിച്ചെന്ന പരാതി അവതാരക നിര്‍മ്മാതാക്കളുടെ സംഘടനയായ കെഎഫ്പിഎയ്ക്കും നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംഘടനയുടെ തീരുമാനം.