കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ശശി തരൂർ മത്സരിക്കുന്നതിൽ എതിർപ്പില്ലെന്ന് സോണിയ ഗാന്ധി

single-img
19 September 2022

കോണ്‍ഗ്രസ് പാർട്ടിയുടെ ദേശീയ അധ്യക്ഷനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പില്‍ ശശി തരൂർ മത്സരിക്കാൻ സാധ്യത തെളിയുന്നു.സ്ഥാനത്തേക്ക് മത്സരം നടക്കുന്നതിനോട് എതിർപ്പില്ലെന്ന് സോണിയ ഗാന്ധി അറിയിച്ചു.

ഇതോടൊപ്പം തന്നെ രാഹുൽ ഗാന്ധി മത്സരിക്കില്ല എന്ന് സോണിയ ശശി തരൂരുമായുള്ള കൂടിക്കാഴ്ചയിൽ അറിയിച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു. പാർട്ടിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ശശി തരൂര്‍ എം പി ഇന്ന് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ കോൺഗ്രസിലെ തെരഞ്ഞെടുപ്പിലെ മത്സര സാധ്യതയടക്കം ചര്‍ച്ചയായെന്നാണ് സൂചന. ഗാന്ധി കുടുംബത്തിന്റെ പിന്തുണയോടെ അശോക് ഗലോട്ട് മത്സരത്തിനിറങ്ങിയാല്‍ തരൂര്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ ഉണ്ടായിരുന്നു. ഇതിനിടെയാണ് ശശി തരൂര്‍ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നതും മത്സരിക്കാൻ സാധ്യത തെളിയുന്നതും.