അച്ഛനെ കൊല്ലാൻ മകൻ നൽകിയത് ഒരു കോടി രൂപയുടെ കൊട്ടേഷൻ


ബെംഗളൂരുവിൽ 71 കാരനായ അച്ഛനെ കൊല്ലാൻ മകൻ ഒരു കോടി രൂപ രണ്ടു വാടക കൊലയാളികൾക്ക് നൽകിയതായി പോലീസ്. ഇരയായ നാരായണസ്വാമി ഫെബ്രുവരി 13 ന് അപ്പാർട്ട്‌മെന്റിന്റെ പാർക്കിംഗ് സ്ഥലത്ത് വെട്ടേറ്റു കൊല്ലപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പൊലീസിന് ലഭിച്ചത്.
കൊലപാതകുമായി ബന്ധപ്പെട്ടു രണ്ട് വാടക കൊലയാളികളെയും പോലീസ് ഇതിനോടകം തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ കൊല്ലപ്പെട്ടയാളുടെ മകൻ മണികണ്ഠനെയും പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ മറ്റ് വ്യക്തികളുടെ പങ്കും സംശയിക്കുന്നതായും ഇവരെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു
2013ൽ ആദ്യഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മണികണ്ഠ ജയിൽശിക്ഷ അനുഭവിച്ചിരുന്നു. രണ്ടാം ഭാര്യയെ കൊല്ലാൻ ശ്രമിച്ചതിന് രണ്ടാം തവണയും അയാൾ വീണ്ടും ജയിലിലായി. രണ്ടാം തവണ ജയിലിൽ കഴിയവെ വാടക കൊലയാളികളെ കണ്ടുമുട്ടിയ ഇയാൾ പിതാവിനെ കൊല്ലാൻ ഒരു കോടി രൂപയും ഒരു അപ്പാർട്ട്‌മെന്റും വാഗ്ദാനം ചെയ്തിരുന്നു. മാത്രമല്ല ഒരു ലക്ഷം രൂപ മുൻകൂറായി നൽകിയതായും പൊലീസ് പറഞ്ഞു.
ബെംഗളൂരുവിൽ 28 ഫ്‌ളാറ്റുകളും ഏക്കർ കണക്കിന് ഭൂമിയുമുള്ള ഒരു അപ്പാർട്ട്‌മെന്റ് സമുച്ചയമാണ് നാരായണസ്വാമിയുടെ ഉടമസ്ഥതയിലുള്ളത്. ഇത് കൈവശപ്പെടുത്താണ് സ്വന്തം അച്ഛനെ കൊല്ലാൻ മകൻ തീരുമാനിച്ചത്.