പൊലീസിലെ ചിലർ ചില വൈകൃതങ്ങൾ കാണിക്കുന്നു: മുഖ്യമന്ത്രി

single-img
22 December 2022

സംസ്ഥാനത്തെ പൊലീസിലെ ചിലർ ചില വൈകൃതങ്ങൾ കാണിക്കുന്നുവെന്നും അവരോടുള്ള സമീപനത്തിൽ സർക്കാരിന് ഒരു ആശയക്കുഴപ്പവുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ . ക്രിമനലുകളെ നേരിടാനാണ് പോലീസ് സേന. അങ്ങിനെയുള്ള ആ പൊലീസ് സേനയിൽ ക്രിമിനലുകൾ വേണ്ട. കേരള പൊലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്കപ്പ് മർദനം ഉണ്ടായാൽ അത് പൊലീസ് അന്വേഷിക്കണ്ട. അത് സി.ബി.ഐ യെ ഏൽപ്പിക്കും. അങ്ങിനെയുള്ള സംഭവങ്ങൾ വലിയ രീതിയിൽ കുറഞ്ഞു. മികവാർന്ന കുറ്റാന്വേഷണ രീതി നമുക്ക് നടപ്പാക്കാൻ കഴിയുന്നു. പൊലീസ് സേന അഭിവൃദ്ധിയിൽ നിന്ന് അഭിവൃദ്ധിയിലേക്ക് പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുൻപ് പോലീസ് ജനദ്രോഹ സേനയായിരുന്നു. പഴയകാല നാടുവാഴികളുടേയും ജന്മികളുടെയും കൊല്ലും കൊലക്കും പോലീസ് അന്ന് വലിയ പിന്തുണയാണ് നൽകിയിരുന്നത്. ആ കാലഘട്ടത്തിൽ തൊഴിലാളികൾ ചെറിയ ഒരു ജാഥ നടത്തിയാൽ പോലീസ് തല്ലി തകർക്കുമായിരുന്നു. ജനങ്ങൾക്കെതിരായ സേന ആയിരുന്നു അന്ന് പോലീസ്. ഭയപ്പാടോടെയായിരുന്നു പോലീസിനെ ജനങ്ങൾ കണ്ടിരുന്നത്.

എന്നാൽ പിന്നീട് ടുവന്ന ഇ.എം.എസ് സർക്കാരാണ് പോലീസിൽ മാറ്റമുണ്ടാക്കിയത്. ആ കാലത്തിൽ തൊഴിൽ സമരത്തിൽ പോലീസ് ഇടപെടേണ്ടതിലെന്ന് സർക്കാർ തീരുമാനിച്ചു. ലോക്കപ്പ് മർദ്ദനം പാടില്ലെന്ന നിലപാടെടുത്തത് ഇ എം.എസ് സർക്കാരാണ്. അത് അന്നത്തെ വിപ്ലവകരമായ തീരുമാനമായിരുന്നു. ഇപ്പൊ പോലീസ് ലോകത്തേറ്റവും അഭിമാനിക്കാൻ കഴിയുന്ന വിധം മാറി. പ്രൊഫഷണലുകൾ പോലീസിൽ ചേരുന്നു.

ഇന്നാവട്ടെ പൊലീസിനെ പലപ്പോഴും പ്രകോപിപ്പിച്ച് ഇടപെടുത്താൻ ശ്രമിക്കുന്നു. പൊലീസ് അനിതരസാധാരണമായ സംയമനം കാണിക്കുന്നു. സമൂഹത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് കൊണ്ടാണ് പോലീസ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു..