തദ്ദേശീയ മുസ്ലിം സമുദായങ്ങളുടെ സാമൂഹിക – സാമ്പത്തിക സർവേ നടത്താൻ അസം സർക്കാർ

single-img
3 October 2023

സംസ്ഥാനത്തുള്ള അഞ്ചു തദ്ദേശീയ മുസ്ലിം സമുദായങ്ങളുടെ സാമൂഹിക – സാമ്പത്തിക സർവേ നടത്താനൊരുങ്ങി അസം സർക്കാർ . പ്രസ്തുത സർവേ പ്രകാരം തദ്ദേശീയ മുസ്ലിങ്ങളുടെ ഉന്നമനത്തിനായി കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും അസം സർക്കാർ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സർവേയുമായി ബന്ധപ്പെട്ട് ഹിമന്ത ബിശ്വ ശർമ്മ സംസ്ഥാന സെക്രട്ടേറിയറ്റിൽ മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഗോറിയ, മോറിയ, ദേശി, സയ്യിദ് & ജോൽഹ എന്നിങ്ങനെയുള്ള തദ്ദേശീയ മുസ്ലിം വിഭാഗങ്ങളിലാണ് സർവേ നടത്തുക.

അസമിലെ തദ്ദേശീയ ന്യൂനപക്ഷങ്ങളുടെ സമഗ്രമായ സാമൂഹികവും രാഷ്ട്രീയവും വിദ്യാഭ്യാസപരവുമായ ഉന്നമനം ലക്ഷ്യമിട്ട് ഉചിതമായ നടപടികൾ കൈക്കൊള്ളാൻ സർവേ സർക്കാരിനെ സഹായിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കഴിഞ്ഞ ആഴ്ചയിൽ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് ബിഹാറിൽ നിതീഷ് കുമാർ സർക്കാർ ജാതി സെൻസർ നടത്തി റിപ്പോർട്ട് പുറത്ത് വിട്ടതിന് പിന്നാലെയാണ് അസം സർക്കാരിന്റെ നീക്കം.