വോട്ടർപട്ടിക ആധാർ ബന്ധിപ്പിക്കൽ നിർത്തിവയ്‌ക്കണം: സീതാറാം യെച്ചൂരി

single-img
6 August 2022

വോട്ടർപട്ടികയെ ആധാറുമായി ബന്ധിപ്പിക്കാനുള്ള നടപടികൾ ഉടൻ നിർത്തിവെക്കണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇതുസംബന്ധിച്ചു സീതാറാം യെച്ചൂരി മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർക്ക്‌ കത്തയച്ചു.

രാജ്യത്ത്‌ ഡാറ്റയോ സ്വകാര്യതയോ സംരക്ഷിക്കാൻ നിയമമില്ല. വോട്ടർമാരുടെ ആധാർവിവരങ്ങൾ സൂക്ഷിക്കാൻ തെരഞ്ഞെടുപ്പ്‌ കമീഷനും നയമില്ല. ഈ സാഹചര്യത്തിൽ ഡാറ്റ സുരക്ഷയുടെയും സ്വകാര്യതയുടെയും ലംഘനത്തിനും അർഹരായ വോട്ടർമാർ വോട്ടർപട്ടികയിൽനിന്ന്‌ പുറത്താകാനും ഇടയാക്കുന്നതാണ്‌ നടപടി എന്നാണ് കത്തിൽ സീതാറാം യെച്ചൂരി ആരോപിക്കുന്നത്.

2015ൽ സുപ്രീംകോടതി നിർത്തിവയ്‌ക്കുന്നതിനുമുമ്പ്‌ രാജ്യത്തെ 31 കോടി വോട്ടർമാരെ, അവരെ അറിയിക്കാതെ ആധാറുമായി ബന്ധിപ്പിച്ചു. ഇതോടെ, 2018ലെ തെലങ്കാന തെരഞ്ഞെടുപ്പിൽ ഒട്ടേറെ യഥാർഥ വോട്ടർമാർ പട്ടികയിൽനിന്ന്‌ പുറത്തായി എന്നും സീതാറാം യെച്ചൂരി പറഞ്ഞു.

കൂടാതെ തെരഞ്ഞെടുപ്പ്‌ കമീഷന്റെ ഡാറ്റ സർക്കാർ നിരീക്ഷണ സംവിധാനങ്ങൾക്ക്‌ ലഭിക്കുന്നതും ജനപ്രാതിനിധ്യനിയമത്തിന്റെ ലംഘനമാണ്‌. ഇത്തരം പിഴവുകളെക്കുറിച്ചുള്ള തെരഞ്ഞെടുപ്പ്‌ കമീഷന്റെ അന്വേഷണ റിപ്പോർട്ട്‌ വരുംവരെ വോട്ടർപട്ടികയെ ആധാറുമായി ബന്ധിപ്പിക്കുന്നത്‌ നിർത്തിവയ്‌ക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എൻപിആർ, എൻആർസി പോലുള്ള പദ്ധതികൾക്കായി ഈ വിവരശേഖരം ആഭ്യന്തരമന്ത്രാലയത്തിന്‌ കൈമാറാനുള്ള ഏതു നീക്കത്തെയും എതിർക്കുമെന്നും കത്തിൽ സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.