തെലങ്കാനയിൽ വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി അറസ്റ്റിൽ

single-img
28 November 2022

വൈഎസ്ആർ തെലങ്കാന പാർട്ടിയുടെ സ്ഥാപക പ്രസിഡന്റും ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ എസ് ശർമിളയെ തെലങ്കാനയിലെ വാറങ്കലിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഭാരത രാഷ്ട്ര സമിതിയുടെ പ്രവർത്തകരുമായി ശർമിളയുടെ പാർട്ടി പ്രവർത്തകർ ഏറ്റുമു‌ട്ടി‌യതിനെ തുടർന്നാണ് അറസ്റ്റ്.

സംസ്ഥാനത്തെ നർസാംപേട്ടിലെ എംഎൽഎയായ പി സുദർശൻ റെഡ്ഡിക്കെതിരെ ശർമിള നടത്തിയ പരാമർശത്തിൽ പ്രകോപിതരായ ബിആർഎസ് പ്രവർത്തകർ ശർമിളയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തുകയും ഒരു ബസടക്കമുള്ള വാഹനങ്ങൾ കത്തിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ബിആർഎസ് പ്രവർത്തകരുമായി ശർമിളയുടെ അനുയായികൾ ഏറ്റുമുട്ടി.

വിഷയത്തിൽ ശർമിള ഇടപെട്ടതോടെ അവരെ വാറങ്കൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു . നേരത്തെ റെഡ്ഡിക്കെതിരെ ശർമിള അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. 2021 ജൂലൈ എട്ടിനാണ് വൈ എസ് ശർമിള വൈഎസ്ആർ തെലങ്കാന പാർട്ടി സ്ഥാപിച്ച് തെലങ്കാനയിൽ പ്രവർത്തനം തുടങ്ങിയത്.