എൽഡിഎഫ് തോൽവിക്ക് കാരണം എസ്ഐആർ മാത്രമല്ല; വോട്ടർപട്ടിക പരിഷ്‌കരണം ഒരു ഘടകം മാത്രം: കെ.കെ. ശൈലജ

single-img
9 October 2026

കേരളത്തിലെ എൽഡിഎഫ് പരാജയത്തിന് കാരണം വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണമായ എസ്ഐആർ മാത്രമാണെന്ന് പറയാനാകില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ. വോട്ടർപട്ടിക പരിഷ്‌കരണം പല ഘടകങ്ങളിൽ ഒന്നു മാത്രമായിരിക്കാമെന്നും അവർ പറഞ്ഞു. ഇടതുപക്ഷത്തിന്റെ വോട്ടുകൾ ഒഴിവാക്കാനും അനധികൃതമായി വോട്ടുകൾ ചേർക്കാനും യുഡിഎഫ് ശ്രമിച്ചിരുന്നുവെന്നും എന്നാൽ അന്നത്തെ എൽഡിഎഫ് സർക്കാരിന്റെ ജാഗ്രത കാരണം വലിയ അട്ടിമറി നടന്നില്ലെന്നും ശൈലജ ആരോപിച്ചു. കേരളത്തിലും തമിഴ്‌നാട്ടിലും ഉണ്ടായ ഭരണമാറ്റത്തിന് എസ്ഐആർ കാരണമായെന്ന കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അവർ.

അതേസമയം, വോട്ടർപട്ടിക പരിഷ്‌കരണം നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് സിപിഎം നേതാവ് കെ.എൻ. ബാലഗോപാലിന്റെ നിലപാട്. ഇതിന് പിന്തുണ നൽകുന്ന കണക്കുകൾ ഉൾപ്പെടുത്തിയ പഠനറിപ്പോർട്ടുകളുണ്ടെന്നും ബിജെപിയുടെ വിജയത്തിലും എസ്ഐആറിന്റെ സ്വാധീനം പ്രതിഫലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് വോട്ട് മറിച്ചെന്നും എസ്ഐആറിന്റെ ആനുകൂല്യം യുഡിഎഫിനും ബിജെപിക്കും ലഭിച്ചെന്നും ബാലഗോപാൽ ആരോപിച്ചു.

എന്നാൽ, കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ പരാജയത്തിന് കാരണം ഭരണവിരുദ്ധ വികാരമാണെന്നാണ് കോൺഗ്രസിന്റെ വാദം. തിരഞ്ഞെടുപ്പ് ഫലത്തെ എസ്ഐആറുമായി ബന്ധിപ്പിക്കാനാകില്ലെന്നും ജനവിധിക്ക് പിന്നിൽ ഭരണവിരുദ്ധ വികാരമാണെന്നും കോൺഗ്രസ് വ്യക്തമാക്കി. യാഥാർഥ്യങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് ഇത്തരം വാദങ്ങൾ ഉന്നയിക്കുന്നതെന്നും സിജെപിയുടെ ആരോപണങ്ങൾ ബിജെപിക്ക് രാഷ്ട്രീയമായി സഹായകരമാകുന്ന രീതിയിലുള്ളതാണെന്നും കോൺഗ്രസ് വിമർശിച്ചു.