ഗവർണർക്കെതിരായ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത 7 മുതിർന്ന ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ്‌

single-img
25 November 2022

രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടി വ്യക്തമാക്കാൻ ഗവർണർ ആവശ്യപ്പെട്ടതിന് പിന്നാലെ സെക്രട്ടേറിയറ്റിലെ 7 സീനിയർ ഉദ്യോഗസ്ഥർക്ക് ചീഫ് സെക്രട്ടറി കാരണം കാണിക്കൽ നോട്ടിസ് നൽകി. ഉന്നതവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് എൽഡിഎഫ് സംഘടിപ്പിച്ച മാർച്ചിലാണ്‌ ഇടതുപക്ഷ സംഘടനയുടെ നേതാക്കളായ ഈ ഉദ്യോഗസ്ഥർ പങ്കെടുത്തത്.

മാർച്ചിൽ സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുത്തതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് ആരോപണം ഉന്നയിച്ചത്. പിന്നാലെ, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് ഗവർണർക്ക് പരാതി നൽകി. ഉദ്യോഗസ്ഥരുടെ പേരും മാർച്ചിൽ പങ്കെടുക്കുന്ന ചിത്രങ്ങളും കൈമാറി. തുടർന്നാണ് പരാതി ഗവർണർ ചീഫ് സെക്രട്ടറിക്ക് കൈമാറിയത്.

ഗവർണർക്കെതിരെ 15നാണ് എൽഡിഎഫ് രാജ്ഭവൻ മാർച്ച് സംഘടിപ്പിച്ചത്. ഒരു ലക്ഷംപേർ മാർച്ചിൽ പങ്കെടുക്കുമെന്നായിരുന്നു പ്രഖ്യാപനം. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്.