വോട്ടുപെട്ടി കാണാതായതില്‍ ആറ് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

single-img
17 January 2023

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വോട്ടുപെട്ടി കാണാതായതില്‍ ആറ് ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. മലപ്പുറം സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലെയും പെരിന്തല്‍മണ്ണ സബ്ട്രഷറിയിലെയും ജീവനക്കാര്‍ക്കാണ് നോട്ടീസ് നല്‍കിയത്.

അതിനിടെ സംഭവത്തില്‍ ജില്ലാ കലക്ടര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് വിശദീകരണം നല്‍കി.

കഴിഞ്ഞദിവസമാണ് പെരിന്തല്‍മണ്ണ സബ് ട്രഷറി ഓഫിസിലെ ലോക്കറില്‍നിന്നു സ്‌പെഷല്‍ തപാല്‍ വോട്ടുകളടങ്ങിയ പെട്ടി കാണാതായത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് 22 കിലോമീറ്റര്‍ അകലെയുള്ള മലപ്പുറം സഹകരണ സംഘം ജനറല്‍ ജോയിന്റ് രജിസ്ട്രാര്‍ ഓഫിസില്‍നിന്നു കണ്ടെത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തിലെ ഫലം സംബന്ധിച്ച കേസില്‍ ഹൈക്കോടതിയില്‍ ഹാജരാക്കാനായി പരിശോധിച്ചപ്പോഴാണ് സ്‌പെഷല്‍ തപാല്‍വോട്ടടങ്ങിയ 2 ഇരുമ്ബുപെട്ടികളില്‍ ഒരെണ്ണം കാണാതായെന്നു ബോധ്യമായത്.