ബിജെപി അംഗങ്ങളുടെ പിന്തുണയിൽ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എസ്ഡിപിഐക്ക് ജയം

single-img
11 August 2023

കർണാടകയിലെ തലപ്പാടിയിൽ നടന്ന പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ബിജെപി അം​ഗങ്ങളുടെ പിന്തുണ‌യോടെ എസ്ഡിപിഐക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിച്ചു. ബിജെപി അം​ഗങ്ങളുടെ പിന്തുണയോടെ എസ്ഡിപിഐ അം​ഗം ടി ഇസ്മായിലാണ് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

പഞ്ചായത്തിലെ ബിജെപി അംഗം പുഷ്പവതി ഷെട്ടിയെ വൈസ് പ്രസിഡന്റായും ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. ഡോ.എ.പി.ജെ.അബ്ദുൾ കലാം ഓഡിറ്റോറിയത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 24 അംഗങ്ങളിൽ 13 സീറ്റ് ബിജെപിക്കും 10 സീറ്റ് എസ്ഡിപിഐക്കും ലഭിച്ചു. ഒരം​ഗം മാത്രമാണ് കോൺ​ഗ്രസിനുള്ളത്.

ഇന്ന് പ്രസിഡൻറ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആദ്യം ബിജെപി സ്ഥാനാർഥി സത്യരാജും എസ്ഡിപിഐ സ്ഥാനാർഥി ടി ഇസ്മയിലുമാണ് മത്സരിച്ചത്. ബിജെപി സ്ഥാനാർഥി ജയിക്കുമെന്നുറപ്പിച്ചിരിക്കെ അപ്രതീക്ഷിതമായി രണ്ട് അം​ഗങ്ങൾ എസ്ഡിപിഐ സ്ഥാനാർഥി ഇസ്മയിലിന് നുകൂലമായി ക്രോസ് വോട്ട് ചെയ്തു. ഇതോടെ ഇരു സ്ഥാനാർഥികൾക്കും തുല്യ വോട്ട് ലഭിച്ചു.

അതേസമയം, കോൺഗ്രസിന്റെ പിന്തുണയുള്ള അംഗം വൈഭവ് ഷെട്ടിയും എസ്ഡിപിഐ പിന്തുണയുള്ള അംഗങ്ങളിലൊരാളായ ഹബീബയും വോട്ടെടുപ്പിൽ വിട്ടുനിന്നു. ഇതേത്തുടർന്നാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ നറുക്കെടുപ്പ് നടത്താൻ റിട്ടേണിംഗ് ഓഫീസർ തീരുമാനിച്ചു. പഞ്ചായത്ത് വികസന ഓഫീസർ കേശവയുടെ സാന്നിധ്യത്തിലാണ് ഇസ്മയിലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.