സഞ്ജു സാംസൺ പഞ്ചാബിനെതിരെ മിന്നും പ്രകടനം പുറത്തെടുക്കും; പ്രവചനവുമായി ശ്രീകാന്ത്

ഐപിഎല്ലിൽ ഇന്ന് ചെന്നെെ സൂപ്പർ കിങ്സും പഞ്ചാബ് കിങ്സും നേർക്കുനേർ വരികയാണ്. വിജയത്തുടർച്ച ലക്ഷ്യമിട്ട് ശ്രേയസ് അയ്യരും സംഘവും ഇറങ്ങുമ്പോൾ സീസണിലെ ആദ്യ വിജയം ലക്ഷ്യമിട്ടാണ് റുതുരാജ് ഗെയ്ക്വാദും ടീമും സ്വന്തം തട്ടകത്തിൽ ഇറങ്ങുന്നത്.
പഞ്ചാബ് ആദ്യ മത്സരത്തിൽ ഗുജറാത്ത് ടെെറ്റൻസിനെ തോൽപ്പിച്ചപ്പോൾ സിഎസ്കെ രാജസ്ഥാൻ റോയൽസിനോട് തോൽവി വഴങ്ങിയിരുന്നു. സിഎസ്കെ ഇന്ന് സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങുമ്പോൾ എല്ലാ കണ്ണുകളും മലയാളി താരം സഞ്ജു സാംസണിലേക്കാണ്.
ഇപ്പോഴിതാ ആവേശപ്പോരാട്ടത്തിന് മുന്നോടിയായി സഞ്ജു സാംസണെ കുറിച്ച് വമ്പൻ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. മുൻ ടീമായ രാജസ്ഥാനെതിരെ കഴിഞ്ഞ മത്സരത്തിൽ തിളങ്ങാൻ കഴിയാതെ പോയ സഞ്ജു സാംസൺ പഞ്ചാബിനെതിരെ മിന്നും പ്രകടനം പുറത്തെടുക്കുമെന്നാണ് ശ്രീകാന്ത് പറയുന്നത്. അതിനുള്ള കാരണവും മുൻ താരം വ്യക്തമാക്കുകയും ചെയ്തു.
‘മത്സരം നടക്കുന്നത് ചെപ്പോക്കിലാണ്. ടി20 ലോകകപ്പിൽ സഞ്ജു സാംസൺ മാൻ ഓഫ് ദ സീരീസ് നേടിയ അതേ പിച്ചാണ് ഇത്. സഞ്ജു ഇവിടെ മികച്ച രീതിയിൽ കളിക്കും എന്നുറപ്പാണ്. സഞ്ജുവിന് ഫോമിലേക്ക് തിരിച്ചുവരാൻ ഇതാണ് ഏറ്റവും അനുയോജ്യമായ വിക്കറ്റ്. ആദ്യത്തെ അഞ്ച് പന്തുകൾക്ക് ശേഷം സഞ്ജു തകർത്തടിക്കും’, ക്രിസ് ശ്രീകാന്ത് പറഞ്ഞു.
‘220 റൺസ് നേടുന്ന ടീമിന് വിജയം നേടിയെടുക്കാൻ സാധിക്കും. രണ്ട് ടീമും ഇതിന് കരുത്തുള്ളവരാണ്. പേപ്പറിൽ ഇരു ടീമും പകുതി പകുതി വിജയ സാധ്യതയാണുള്ളത്. സഞ്ജു സാംസൺ ഫോമിലേക്കെത്തിയാൽ പഞ്ചാബിന്റെ ഒരു താരത്തിനും അതിനൊപ്പം എത്താൻ സാധിക്കില്ല’ ശ്രീകാന്ത് കൂട്ടിച്ചേർത്തു.


