108 പന്തില്‍ 72; ആരാധകരെ നിരാശരാക്കാതെ രഞ്ജി ട്രോഫിയിൽ കേരളത്തിനായി സഞ്ജു

single-img
13 December 2022

മൂന്നു വർഷത്തിന് ശേഷമുള്ള തിരിച്ചുവരവിൽ രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തുകൊണ്ട് കേരള ക്യാപ്റ്റന്‍ സഞ്ജു സാംസൻ. 108 പന്തില്‍ 72 റണ്‍സാണ് സഞ്ജു നേടിയത് . ഷഹ്ബാസ് അഹമ്മദിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്.

ആക്രമിച്ചു ചെയ്ത് കളിച്ച സഞ്ജു ഏഴ് സിക്‌സും നാല് ഫോറും നേടിയിരുന്നു. സഞ്ജുവിനെ കൂടാതെ രോഹന്‍ പ്രേം (79), രോഹന്‍ കുന്നുമ്മല്‍ (50) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ദീർഘകാലത്തിന്‌ ശേഷമുള്ള മടങ്ങിവരവ് എന്തായാലും ആരാധകരെ നിരാശപ്പെടുത്തിയില്ല. കേരളം മൂന്നിന് 98 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് സഞ്ജു ക്രീസിലെത്തുന്നത്.

ഈ സമയം രോഹന്‍ പ്രേമിനൊപ്പം 91 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ സഞ്ജുവിനായിരുന്നു. അധികസമയം നീണ്ടുനിന്നില്ലെങ്കിലും സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ് സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ക്യാപ്റ്റന്‍ ഇന്നിംഗ്‌സെന്നാണ് പലരും പറയുന്നത്.

ചായയ്ക്ക് പിന്നാലെയുള്ള സെഷനില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം ആറിന് 259 എന്ന നിലയിലാണ്. മൂന്നാം സെഷനില്‍ സഞ്ജു ഉള്‍പ്പെടെ ജലജ് സക്‌സേനയുടെ (0) വിക്കറ്റും കേരളത്തിന് നഷ്ടമായി. അക്ഷയ് ചന്ദ്രന്‍ (33), സിജോമോന്‍ ജോസഫ് (20) എന്നിവരാണ് ക്രീസില്‍. ജാര്‍ഖണ്ഡിന് വേണ്ടി ഷഹ്ബാസ് നദീം മൂന്നും ഉത്കര്‍ഷ് സിംഗ് രണ്ടും വിക്കറ്റ് വീഴ്ത്തി. രോഹന്‍ പ്രേം (79)- രോഹന്‍ കുന്നുമ്മല്‍ (50) സഖ്യം മികച്ച തുടക്കമാണ് കേരളത്തിന് നല്‍കിയത്. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 90 റണ്‍സ് കൂട്ടിചേര്‍ത്തു. അഞ്ചാമനായിട്ടാണ് സഞ്ജു ക്രീസിലെത്തുന്നത്.