‘മയോസിറ്റിസ്’; തനിക്ക് ബാധിച്ച രോഗം വെളിപ്പെടുത്തി സാമന്ത

single-img
29 October 2022

കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെ തന്നെ ബാധിച്ച രോഗം എന്താണെന്ന് സ്വയം വെളിപ്പെടുത്തി തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്ത. പേശീ വീക്കമായ ‘മയോസിറ്റിസ്’ രോഗമാണ് സാമന്തയെ ബാധിച്ചിരിക്കുന്നത്.

ഈ രോഗം ബാധിച്ച വ്യക്തിയുടെ എല്ലുകള്‍ക്ക് ക്രമേണ ബലക്ഷയം സംഭവിക്കുകയും ശക്തമായ വേദന അനുഭവപ്പെടുകയും ചെയ്യുന്നു. അവസാനം പുറത്തിറങ്ങിയ തെലുങ്ക് സിനിമയായ ‘യശോദ’യുടെ ട്രെയിലറിന് ലഭിച്ച വലിയ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് സാമന്ത തന്‍റെ രോഗവിവരം വെളിപ്പെടുത്തിയത്.

“യശോദയുടെ ട്രെയിലറിന് നിങ്ങള്‍ നല്‍കിയ പ്രതികരണം അമ്പരപ്പിക്കുന്നതായിരുന്നു. നിങ്ങള്‍ നല്‍കിയ നന്ദിയും സനേഹവുമാണ് ഞാനിവിടെ പങ്കുവെക്കുന്നത്. ആ ശക്തിയാണ് ജീവിതം മുന്നോട്ടുവെക്കുന്ന പ്രതിസന്ധികളെ നേരിടാന്‍ എന്നെ സഹായിക്കുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ പരിശോധനയില്‍ ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന ‘മയോസിറ്റിസ്’ എന്ന രോഗം എന്നെ ബാധിച്ചതായി തിരിച്ചറിഞ്ഞു. ഈ രോഗം അല്‍പ്പമൊന്ന് ശമിച്ചതിന് ശേഷം ഇക്കാര്യം നിങ്ങളുമായി പങ്കുവെക്കാമെന്നായിരുന്നു പ്രതീക്ഷ.

എന്നാൽ എനിക്ക് രോഗം ശമിക്കാന്‍ ഇനിയും സമയമെടുക്കുമെന്നാണ് കരുതുന്നത്. എല്ലായ്പ്പോഴും ശക്തരായി മുന്നില്‍നില്‍ക്കേണ്ടതില്ലെന്ന് ഞാന്‍ പതുക്കെ മനസ്സിലാക്കുന്നു. ഇപ്പോൾ വന്നിട്ടുള്ള ഈ ദുർബലത അംഗീകരിക്കുക എന്നത് ഇപ്പോഴും എനിക്ക് ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷെ രോഗം പെട്ടെന്ന് തന്നെ പൂര്‍ണമായും ഭേദമാകുമെന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് നല്ല ഉറപ്പുണ്ട്.

മുൻപും ശാരീരികമായും മാനസികമായും എനിക്ക് നല്ലതും മോശവുമായ ദിവസങ്ങളുണ്ടായിട്ടുണ്ട്. ഇനിയും ഒരു ദിവസം കൂടി എനിക്ക് ഇത് താങ്ങാൻ കഴിയില്ലെന്ന് തോന്നുമ്പോൾ പോലും എങ്ങനെയൊക്കെയോ ഓരോ നിമിഷവും കടന്നുപോകുന്നു. ഞാൻ സുഖം പ്രാപിക്കുന്നതിന് ഒരു ദിവസം കൂടി അടുത്തു എന്ന് മാത്രമേ ഇതില്‍ നിന്നും മനസ്സിലാക്കുന്നുള്ളൂ. ഐ ലവ് യൂ. ഈ സമയവും കടന്നുപോകും”, സാമന്ത ഇന്‍സ്റ്റാഗ്രാമില്‍ എഴുതി.

അതേസമയം, കഴിഞ്ഞ ഒരു മാസത്തോളമായി സാമന്ത സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു. നടി അമേരിക്കയിലാണ് ചികിത്സകള്‍ നടത്തുന്നതെന്നാണ് തെലുഗു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.