ഗുണനിലവാരം കുറവ്; 17 ബാച്ച് ജവാൻ റമ്മിന്റെ വിൽപ്പന നിർത്തിവെച്ച് എക്സൈസ്

single-img
26 February 2024

കേരളത്തിന്റെ സ്വന്തം ജവാൻ റമ്മിന്റെ വിൽപ്പന നിർത്തിവച്ച് എക്സൈസ്. ഗുണനിലവാരം കുറഞ്ഞതായി കണ്ടെത്തിയതോടെയാണ് നടപടി. 17 ബാച്ച് ജവാൻ റമ്മിന്റെ വിൽപ്പനയാണ് നിർത്തിവച്ചത്. പരിശോധനയ്ക്കിടെ റമ്മിൽ തരി കണ്ടെത്തിയിരുന്നു.

വരാപ്പുഴയ്ക്ക് സമീപം വാണിയക്കാട് ഷോപ്പിൽ വിൽപ്പനയ്ക്ക് എത്തിച്ച മദ്യക്കുപ്പികളിലാണ് ആദ്യം നിലവാര പ്രശ്നം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിൽ ഈ ഷോപ്പിലെ 8 ബാച്ചുകളിലെ മദ്യത്തിനും ഗുണനിലവാരമില്ലെന്ന് കണ്ടെത്തുകയായിരുന്നു.

വരാപ്പുഴ ഷോപ്പിലും ഒന്‍പത് ബാച്ച് മദ്യത്തില്‍ തരികള്‍ ഉണ്ടായിരുന്നു.ഇതിനുപിന്നാലെ മറ്റ് വിൽപ്പന കേന്ദ്രങ്ങളിലും ജവാന്‍ റം പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉപയോഗ കാലാവധി കഴിഞ്ഞ മദ്യത്തിലാണ് സാധാരണ തരികള്‍ കാണാറുള്ളത്. ബോട്ട്‌ലിംഗിലെ അപാകവും ഇതിനു ഇടയാക്കും. ആവശ്യക്കാര്‍ ഏറെയുള്ളതിനാല്‍ ജവാന്‍ റം പെട്ടെന്നു വിറ്റു തീരാറുണ്ട്. കുപ്പിയില്‍ നിറച്ച സമയത്തെ വീഴ്ചയാണോ എന്നു പരിശോധിക്കുന്നുണ്ട്. സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു.