യൂറോപ്പിനുള്ള പ്രകൃതിവാത വിതരണം റഷ്യ നിർത്തി

single-img
7 September 2022

യൂറോപ്പിലേക്കുള്ള പ്രകൃതിവാത വിതരണം റഷ്യ നിർത്തി. യൂറോപ്പിലേക്കു പ്രകൃതിവാതകം എത്തിക്കുന്ന ഏറ്റവും വലിയ പദ്ധതിയായ നോർഡ് സ്ട്രീം വൺ പൈപ്പ്‌ലൈൻ വഴിയുള്ള പ്രകൃതിവാത വിതരണമാണ് റഷ്യ നിർത്തിയത്. ഉപരോധങ്ങൾ പിൻവലിച്ചാൽ മാത്രം വാതകവിതരണം പുനരാരംഭിക്കാമെന്നാണു റഷ്യയുടെ നിലപാട്. റഷ്യ ഗ്യാസ് വിതരണം നിർത്തിയതോടെ പ്രകൃതിവാത വിലയിൽ 30 ശതമാനം വർദ്ധനവ് ഉണ്ടായി.

നമ്മുടെ രാജ്യത്തിനെതിരെയും കമ്പനികൾക്കെതിരെയും ജർമ്മനി, യുകെ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം മൂലമാണ് ഗ്യാസ് പമ്പിങ്ങിൽ പ്രശ്നങ്ങൾ ഉടലെടുത്തത്. നോർഡ് സ്ട്രീം 1 ന്റെ ശരിയായ സർവീസിങ്ങിനു ഈ ഉപരോധം തടസം ആകുന്നുണ്ട്. ഇതല്ലാതെ മറ്റു ഒരു കാര്യവും നിലവിലില്ല; ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.

യൂറോപ്പിലെ പ്രകൃതിവാതകത്തിന്റെ 40% വിതരണം ചെയ്യുന്നത്‌ റഷ്യയാണ്. ഇതിൽ ഭൂരിഭാഗവും പൈപ്പ് ലൈനുകൾ വഴിയാണ് കൊണ്ടുപോകുന്നത്. 2021-ൽ റഷ്യ യൂറോപ്പിലേക്ക് ഏകദേശം 155 ബില്യൺ ക്യുബിക് മീറ്റർ ഇന്ധനം കയറ്റുമതി ചെയ്തു – അതിൽ മൂന്നിലൊന്ന് ഭാഗവും നോർഡ് സ്ട്രീം 1 പൈപ്പ്ലൈൻ വഴിയാണ് കൊണ്ടുപോയിട്ടുള്ളത്. ഇതാണ് ഇപ്പോൾ റഷ്യ അടച്ചത്.

നോർഡ് സ്ട്രീം 1 അടച്ചുപൂട്ടിയതിനുശേഷം, യൂറോപ്പിലേക്ക് പ്രകൃതിവാതകം കൊണ്ടുപോകുന്ന രണ്ട് നെറ്റ്‌വർക്കുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഒന്ന് ഉക്രെയ്‌നിലൂടെ പോകുന്ന പൈപ്പ് ലൈൻ. നിലവിൽ യുദ്ധം കാരണം വിതരണം മന്ദഗതിയിലാണെങ്കിലും മറ്റൊരു പൈപ്പ്ലൈൻ ആയ റഷ്യയിൽ നിന്ന് തുർക്കിയിലേക്ക് പോകുന്ന ടർക്ക് സ്ട്രീം പൈപ്പ് ലൈൻ സാധാരണ നിലയിലാണ് പ്രവർത്തിക്കുന്നത്.