തുടർച്ചയായ രണ്ടാം ദിവസവും ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു

single-img
20 October 2022

തുടർച്ചയായ രണ്ടാം ദിവസവും ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു. ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലാണ് നിലവിൽ ഇന്ത്യൻ രൂപ. കഴിഞ്ഞ ദിവസം 83 01 എന്ന നിലയിലുണ്ടായിരുന്ന രൂപ ഇന്ന് വ്യാപാരം ആരംഭിക്കുമ്പോൾ 06 പൈസ ഇടിഞ്ഞ് 83.06 എന്ന റെക്കോർഡ് താഴ്ചയിലെത്തി.

രാജ്യത്തെ ആഭ്യന്തര വിപണികളും തകർച്ചയിലാണ്. ഇന്റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ചിൽ, രൂപ ഡോളറിനെതിരെ 83.05 എന്ന നിലയിൽ ആരംഭിച്ചേക്കിലും വീണ്ടും 83.06 നിലയിലേക്ക് ഇടിയുകയായിരുന്നു. കഴിഞ്ഞ വാരത്തിൽ ഡോളർ ശക്തിയാർജിക്കുന്നതാണ്‌ രൂപയുടെ മൂല്യം കുറയുന്നതിന് കാരണം എന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞത് വിവാദമായിരുന്നു.

നിലവിലെ സാഹചര്യത്തിൽ ഉയരുന്ന പണപ്പെരുപ്പം നിയന്ത്രിക്കാൻ യു എസ് ഫെഡറൽ റിസർവ് വീണ്ടും നിരക്കുകൾ ഉയർത്തിയേക്കും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം രൂപയുടെ മൂല്യത്തകർച്ച തടയാൻ ഇതുവരെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലുകൾക്ക് കഴിഞ്ഞിട്ടില്ല. രൂപയെ സംരക്ഷിക്കാൻ ആർബിഐയുടെ കൈവശം വിദേശനാണ്യ ശേഖരം കുറവാണ്. ഇന്ത്യയുടെ ഫോറെക്സ് കരുതൽ ശേഖരം 532.66 ബില്യൺ ഡോളറായി കുറഞ്ഞതായി ആർബിഐ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.