പാഠപുസ്തകങ്ങളിലെ ചരിത്രം തിരുത്താനുള്ള ആര്‍എസ്എസ് നീക്കം കേരളത്തില്‍ അനുവദിക്കില്ല: മുഖ്യമന്ത്രി

single-img
16 May 2023

പാഠപുസ്തകങ്ങളിലെ ചരിത്രം തിരുത്താനുള്ള ആര്‍എസ്എസിന്റെ നീക്കം കേരളത്തില്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ സാദരം എംടി ഉത്സവം പരിപാടിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആര്‍എസ്എസ് രാജ്യത്തെ പാഠപുസ്തകങ്ങളിലെ ചരിത്രം തിരുത്തി എഴുതുന്നു. കേരളത്തിലെ പാഠപുസ്തകങ്ങളില്‍ ഒരു മാറ്റവും വരുത്താന്‍ അനുവദിക്കില്ല മുഖ്യമന്ത്രി പറഞ്ഞു. പൗരത്വഭേദഗതി നിയമം ഒരു കാലത്തും കേരളത്തില്‍ നടപ്പാക്കില്ല. എന്നാല്‍ ഇത്തരത്തില്‍ വര്‍ഗീയ നീക്കങ്ങളുണ്ടാകുമ്പോള്‍ മതനിരപേക്ഷകര്‍ എന്ന് അവകാശപ്പെടുന്ന ചിലര്‍ എതിര്‍ക്കാന്‍ തയ്യാറാകുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സാഹിത്യകാരൻ എംടി കേരളീയര്‍ക്ക് അഭിമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാംസ്‌കാരിക പ്രവര്‍ത്തനം എങ്ങനെയാകണമെന്നുള്ള മാതൃക എംടി തന്റെ പ്രവര്‍ത്തനത്തിലൂടെ കാഴ്ച വെച്ചു. മതനിരപേക്ഷതയുടെ ഇടമായി തുഞ്ചന്‍ പറമ്പിനെ മാറ്റി. സമൂഹത്തിലെ ജീര്‍ണത തുറന്നു കാട്ടാന്‍ എഴുത്തുകാരെ ഭരണഘടനാ വിരുദ്ധ ശക്തികള്‍ അനുവദിക്കുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.