മാർക്ക് ലിസ്റ്റിൽ ആർഷോ പരീക്ഷ പാസായി എന്ന് രേഖപ്പെടുത്തിയത് സോഫ്റ്റ്‌വെയറിലെ പിഴവ് കാരണം; വിശദീകരണവുമായി പരീക്ഷ കൺട്രോളർ


എറണാകുളം മഹാരാജാസ് കോളജിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ വിശദീകരണവുമായി പരീക്ഷ കൺട്രോളർ രംഗത്തെത്തി. മാർക്ക് ലിസ്റ്റിൽ ആർഷോ പരീക്ഷ പാസായി എന്ന് രേഖപ്പെടുത്തിയത് സോഫ്റ്റ്‌വെയറിലെ പിഴവ് കാരണം ആയിരിക്കാമെന്നാണ് പരീക്ഷാ കൺട്രോളർ നൽകിയ വിശദീകരണം
മഹാരാജാസ് കോളജ് പ്രിൻസിപ്പലിനാണ് പരീക്ഷാ കൺട്രോളർ വിശദീകരണം നൽകിയത്. പി.എം ആർഷോയുടെ മൂന്നാം സെമസ്റ്റർ ആർക്കിയോളജി പരീക്ഷയുടെ മാർക്ക് ലിസ്റ്റാണ് വിവാദമായത്. പരീക്ഷ എഴുതാത്ത ആർഷോയുടെ മാർക്ക് ലിസ്റ്റിൽ, പാസായി എന്നാണ് രേഖപ്പെടുത്തിയിരുന്നത്.
ഒരു വിഷയത്തിലും മാർക്ക് കാണിച്ചിട്ടില്ലാത്ത മാർക്ക് ലിസിറ്റിലാണ് ആർഷോ പരീക്ഷ പാസായി എന്നാണ് എഴുതിയത്. എന്നാൽ, മാർക്ക് ലിസ്റ്റ് വിവാദമായതോടെ ഇത് തിരുത്തി കോളജ് രംഗത്തെത്തി. ആർഷോ ജയിച്ചെന്ന മാർക്ക് ലിസ്റ്റാണ് കോളജ് അധികൃതർ തിരുത്തിയത്. ആർഷോ തോറ്റതായി രേഖപ്പെടുത്തി മാർക്ക് ലിസ്റ്റ് പുതുക്കി. ആർഷോ പരീക്ഷ എഴുതിയിട്ടില്ലെന്നും അതിനാൽ തോറ്റു എന്നുമാണ് പുതിയ മാർക്ക് ലിസ്റ്റിലുള്ളത്.
അതേസമയം, എഴുതാത്ത പരീക്ഷ വിജയിപ്പിക്കണം എന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. ഇത്തരമൊരു പിഴവുണ്ടായിട്ടുണ്ടെങ്കിൽ അതിൽ അന്വേഷണം ഉണ്ടാവണം. ആരുടെ ഭാഗത്താണ് ആ പോരായ്മ ഉണ്ടായതെന്ന് കൃത്യമായി അന്വേഷിക്കണമെന്നും ആർഷോ ആവശ്യപ്പെട്ടു. അന്വേഷണം വേണമെന്നും ഗുരുതരമായ പിഴവാണതെന്നും ആർഷോ വിശദമാക്കിയിരുന്നു