രേവന്ത് റെഡ്ഡിയുടെ ‘ഹിറ്റ്‌ലർ’ പരാമർശത്തെ തള്ളി കോൺഗ്രസ് ദേശീയ നേതൃത്വം

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വിവാദപരമായ ‘ഹിറ്റ്‌ലർ’ പരാമർശത്തെ തള്ളി കോൺഗ്രസ് ദേശീയ നേതൃത്വം രംഗത്ത്. പാർട്ടിയുടെ അടിസ്ഥാന തത്വങ്ങൾക്കും ആശയങ്ങൾക്കും വിരുദ്ധമാണ് ഈ പ്രസ്താവനയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
പരാമർശം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ദേശീയ നേതൃത്വം, ഇക്കാര്യത്തിലുള്ള അതൃപ്തി രേവന്ത് റെഡ്ഡിയെ അറിയിക്കുകയും ഭാവിയിൽ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
തെലങ്കാനയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനായി രൂപീകരിച്ച ‘ഹൈദരാബാദ് ഡിസാസ്റ്റർ റെസ്‌പോൺസ് ആന്റ് അസറ്റ് പ്രൊട്ടക്ഷൻ ഏജൻസി’ എന്ന ടാസ്‌ക് ഫോഴ്‌സിനെക്കുറിച്ചുള്ള പ്രഖ്യാപനത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ഹിറ്റ്‌ലർക്ക് ഏറെ പ്രിയപ്പെട്ട വാക്കാണ് ‘ഹൈഡ്രാ’ എന്നും, അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പേര് നൽകിയതെന്നുമാണ് അദ്ദേഹം പറഞ്ഞത്.
മുഖ്യമന്ത്രിയുടെ വാക്കുകൾക്കെതിരെ ബിആർഎസ്, ടിഎംസി, സിപിഎം തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കോൺഗ്രസ് മുഖ്യമന്ത്രി ഭരണത്തിന്റെ പ്രതീകമായി ഹിറ്റ്‌ലറെ പ്രശംസിക്കുന്നത് ജനാധിപത്യത്തിന് ഭീഷണിയാണെന്ന് സി.പി.എം.എൽ ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യ വിമർശിച്ചു.


