ഷിഗെല്ല രോഗം പൂർണമായും നിയന്ത്രണവിധേയം; കൃത്യമായ റിപ്പോർട്ട് രണ്ട് ദിവസത്തിനകം ലഭ്യമാകും: മന്ത്രി കെ മുരളീധരൻ

single-img
10 June 2026

സുൽത്താൻ ബത്തേരിയിലെ സ്‌കൂൾ വിദ്യാർഥികളിൽ ഷിഗെല്ല ബാധ പടർന്നത് സമ്പർക്കത്തിലൂടെയാണോ എന്ന് സംശയമുണ്ടെന്നും, നിലവിൽ രോഗം പൂർണമായും നിയന്ത്രണവിധേയമാണെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. ഇത് സംബന്ധിച്ച കൃത്യമായ റിപ്പോർട്ട് രണ്ട് ദിവസത്തിനകം ലഭ്യമാകും.

കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗത്തിൽ നഴ്‌സിംഗ് തസ്തികകൾ വർധിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്. 12 എം.എൽ.എമാർ തങ്ങളുടെ ഫണ്ട് ഉപയോഗിച്ച് വെന്റിലേറ്റർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ആശുപത്രിയിൽ ഒരുക്കും.

റിയാസ് എം.എൽ.എയുടെ സഹായവും നേരിട്ട് അഭ്യർത്ഥിക്കും. ആശുപത്രിയിലെ പീഡിയാട്രിക് ഐ.സി.യു സൗകര്യം മൂന്നാം നിലയിലേക്ക് മാറ്റാനും തീരുമാനിച്ചു. കോക്ലിയാർ ഇംപ്ലാന്റേഷൻ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിക്കായി പണം അനുവദിച്ചിട്ടും പിഡബ്ല്യുഡി നടപടികൾ വൈകിയതിൽ അതൃപ്തി അറിയിച്ച മന്ത്രി, പ്രവൃത്തി ഉടൻ തുടങ്ങാൻ നിർദ്ദേശം നൽകി.

വെർച്വൽ ഓട്ടോപ്‌സി സംവിധാനം നടപ്പിലാക്കുന്നതിനായി പണം കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ, കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയെ എറണാകുളം ജനറൽ ആശുപത്രിയുടെ മാതൃകയിൽ അത്യാധുനിക നിലവാരത്തിലേക്ക് ഉയർത്തുമെന്നും, ഇതിനായി ധനകാര്യ വകുപ്പിനോട് കൂടുതൽ ഫണ്ട് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.