രാജ്യത്ത് പച്ചക്കറിവില കുതിച്ചുയരാൻ കാരണം മിയ മുസ്ലിങ്ങൾ; വംശീയാധിക്ഷേപവുമായി അസം മുഖ്യമന്ത്രി

single-img
14 July 2023

മുസ്‌ലിംകൾക്കെതിരെ വംശീയാധിക്ഷേപവുമായി അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വശർമ. രാജ്യത്ത് പച്ചക്കറിവില കുതിച്ചുയരാൻ കാരണം മിയ മുസ്‌ലിംകളാണെന്ന് ഹിമാന്ത ആക്ഷേപിച്ചു. ബംഗാളി കുടിയേറ്റക്കാരെ വിശേഷിപ്പിക്കുന്ന പദമാണിത്. രാജ്യത്ത് ഗ്രാമീണ മേഖലയിൽ പച്ചക്കറിക്കു വില കുറവാണെന്നും നഗരപ്രദേശങ്ങളിലെത്തുമ്പോഴാണ് വില കൂടുന്നത്. കച്ചവടക്കാരാണ് വില കൂട്ടുന്നത്. അവരിൽ ഭൂരിഭാഗവും മിയകളാണെന്നും അദ്ദേഹം ആരോപിച്ചു.

അസമിൽ വൻ വിലയാണ് ഇവർ ഈടാക്കുന്നത്. ഗുവാഹത്തിയിൽ തദ്ദേശീയ പച്ചക്കറി മാർക്കറ്റുകളുടെ നിയന്ത്രണം മിയകൾ പിടിച്ചടക്കിയിരിക്കുകയാണ്. സംസ്ഥാനത്തെ തന്നെ യുവാക്കളാണ് പച്ചക്കറി വിൽക്കുന്നതെങ്കിൽ നാട്ടുകാരിൽനിന്ന് വില കൂട്ടി വാങ്ങില്ല-ഹിമാന്ത അവകാശപ്പെടുന്നു.

അതുകൊണ്ടുതന്നെ അസം യുവാക്കൾ മുന്നോട്ടുവന്ന് പച്ചക്കറി വിപണിയുടെ നിയന്ത്രണം പിടിച്ചടക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സംസ്ഥാനത്തെ യുവാക്കൾ ഇതിനായി കടന്നുവന്നാൽ മിയ മുസ്‌ലിംകളായ പച്ചക്കറി വ്യാപാരികളെ താൻ നഗരത്തിൽനിന്ന് തുടച്ചുനീക്കുമെന്ന് പ്രഖ്യാപനവും നടത്തിയിട്ടുണ്ട്.

‘കാബുകൾ മുതൽ ബസുകളിൽ വരെ ഭൂരിപക്ഷവും ഇക്കൂട്ടരുടെ നിയന്ത്രണത്തിലാണ്. കഴിഞ്ഞ പെരുന്നാളിന് ഗുവാഹത്തിലെ മിക്ക റോഡുകളും ഒഴിഞ്ഞുകിടന്നത് നമ്മൾ കണ്ടു. അവരെല്ലാം പെരുന്നാൾ ആഘോഷിക്കുകയായിരുന്നു. അതുകൊണ്ട് ആരും ജോലിക്കെത്തിയില്ല’-ഹിമാന്ത ബിശ്വശർമ ആക്ഷേപിച്ചു.

അതേസമയം , ബ്രിട്ടീഷ് ഭരണകാലത്ത് ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തി ബ്രഹ്മപുത്രയുടെ തീരത്ത് താമസമാക്കിയ മുസ്‌ലിംകളാണ് മിയകൾ. ഇവരിലെ മുസ്‌ലിം പുരുഷന്മാരെ അഭിസംബോധന ചെയ്യാൻ ഉപയോഗിക്കുന്ന മിയാൻ എന്ന പേർഷ്യൻ വാക്കിൽനിന്നാണ് ‘മിയ’ എന്ന പദം വരുന്നതെന്ന അഭിപ്രായമുണ്ട്. പിന്നീടുള്ള കാലഘട്ടങ്ങളിൽ വംശീയാധിക്ഷേപത്തിനായി മിയ വ്യാപകമായി ഉപയോഗിക്കപ്പെടാറുണ്ട്.